
തിരുവനന്തപുരം: സംസ്ഥാന സിപിഎമ്മിൽ വീണ്ടും ക്യാപിറ്റൽ പണിഷ്മെന്‍റ് വിവാദം. ഒരു കൊച്ചു പെൺകുട്ടിയുടെ ക്യാപിറ്റൽ പണിഷ്മെന്‍റ് പരാമര്‍ശത്തെ തുടര്‍ന്നാണ് ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് അച്യുതാനന്ദൻ ഇറങ്ങിപ്പോയതെന്ന് മുതിര്‍ന്ന് സിപിഎം നേതാവ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തി. വിഎസിന്‍റെ വിയോഗശേഷം ക്യാപിറ്റൽ പണിഷ്മെന്റ് പരാമര്‍ശം എടുത്തിട്ട പിരപ്പൻകോട് മുരളിയെ പല്ലും നഖവുമുപയോഗിച്ച് സിപിഎം നേതൃത്വം നേരിടുന്നതിനിടെയാണ് പുതിയ തുറന്നുപറച്ചിൽ.
ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചുപെൺകുട്ടി വിഎസിന് ക്യാപിറ്റൽ പണിഷ്മെന്‍റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാനാകാതെ വിഎസ് അച്യുതാനന്ദൻ വേദിവിട്ടു. ഏകനായി ദുഖിതനായി, പക്ഷെ തലകുനിക്കാതെ ഒന്നും മിണ്ടാതെ ആരേയും നോക്കാതെ വിഎസ് വീട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് ലേഖനത്തിൽ പറയുന്നത്.
'ഇങ്ങനെ ഒക്കെയായിരുന്നു എന്‍റെ വിഎസ്' എന്ന തലക്കെട്ടിൽ മാതൃഭൂമി വാരാന്തപ്പതിപ്പിലെഴുതിയ അനുസ്മരണ ലേഖനത്തിലാണ് അറിയപ്പെടുന്ന വിഎസ് പക്ഷക്കാരനായ സുരേഷ് കുറിപ്പിന്‍റെ വിവാദ പരാമര്‍ശം. കൊച്ചു മക്കളുടെ പ്രായം മാത്രമുള്ളവര്‍ സമ്മേളനങ്ങളിൽ വിഎസിനെതിരെ നിലവിട്ട ആക്ഷേപങ്ങൾ ഉന്നയിച്ചെന്ന മുഖവുരയോടെയാണ് തുറന്നുപറച്ചിൽ.
വിഎസ് പാര്‍ട്ടി ശത്രുക്കളുടെ കയ്യിലെ പാവയാണെന്നും പരമാവധി നടപടി വിഎസിനെതിരെ വേണമെന്നും യുവനേതാക്കൾ അടക്കം പൊതു ചര്‍ച്ചയിൽ ആവശ്യപ്പെട്ടതും വിഎസിന് പാര്‍ട്ടി വിരുദ്ധ മനോഭാവം ഉണ്ടെന്ന് പിണറായി വിജയൻ തുറന്നടിച്ചതും ആലപ്പുഴ സമ്മേളനകാലത്ത് വലിയ വാര്‍ത്തയായിരുന്നു.
അതെല്ലാം നിലനിൽക്കെയാണ് ആലപ്പുഴയിലും ക്യാപിറ്റൽ പണിഷ്മെന്‍റ് ആവര്‍ത്തിച്ചിരുന്നെന്ന സുരേഷ് കുറിപ്പിന്‍റെ വെളിപ്പെടുത്തൽ. 12 വര്‍ഷമായി പാര്‍ട്ടി വിഭാഗീയതയിൽ നിറഞ്ഞു നിന്ന ക്യാപിറ്റൽ പണിഷ്മെന്‍റ് വിഎസിന്‍റെ വിയോഗശേഷം വീണ്ടും എടുത്തിട്ടത് പിരപ്പിൻകോട് മുരളിയാണ്. ഒരുമയവുമില്ലാതെയാണ് സിപിഎം പിരപ്പിൻകോട് മുരളിയെ നേരിട്ടത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മുതൽ സൈബര്‍ സഖാക്കളുടെ വരെ വിചാണക്കിടക്കാണ് സുരേഷ് കുറിപ്പിന്‍റെ വെളിപ്പെടുത്തലിൽ സിപിഎം വെട്ടിലാകുന്നത്.
അതേസമയം, ലേഖനത്തിലെ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ സുരേഷ് കുറുപ്പ് തയ്യാറായിട്ടില്ല. 2015ലെ ആലപ്പുഴയിലെ സമ്മേളനത്തിനിടെയാണ് സംഭവം. പറയാനുള്ളതെല്ലാം ലേഖനത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ് സുരേഷ് കുറുപ്പ് വ്യക്തമാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam