തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം; മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി

By Web TeamFirst Published Jan 10, 2023, 7:23 PM IST
Highlights

പാറ്റൂരിൽ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ ഓം പ്രകാശ് ഉള്‍പ്പെടെയുള്ളവരെ ഇനിയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

തിരുവനന്തപുരം: ഓം പ്രകാശിന് പിന്നാല തലസ്ഥാനത്ത് സജീവമായി പഴയഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷും. മെ‍ഡിക്കൽ കോളേജിന് സമീപം പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കത്തികാണിച്ച് ആംബുലൻസ് ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി രാജേഷ് കടന്നുകളഞ്ഞു. പിന്തുടർന്ന പൊലീസിനെ വെട്ടിച്ചാണ് രാജേഷ് രക്ഷപ്പെട്ടത്. പാറ്റൂരിൽ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ ഓം പ്രകാശ് ഉള്‍പ്പെടെയുള്ളവരെ ഇനിയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഒരു കാലത്ത് തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങളെ നിയന്ത്രിച്ചിരുന്ന ഓം പ്രകാശു- പുത്തൻപാലം രാജേഷും വീണ്ടും സജീവമാവുകയാണ്. മെ‍ഡിക്കൽ കോളേജ് പരിസരത്ത് പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ആംബലുൻസ് ഡ്രൈവർമാരെ പുത്തൻപാലം രാജേഷ് കത്തികാട്ടി ഭീഷണിപ്പെടുത്തി. ആംബലുൻസ് പാർക്ക് ചെയ്യുന്ന സ്ഥലത്ത് രാജേഷിനറെ വാഹനം ഇട്ടത് ഡ്രൈവർമാർ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം. വാഹനത്തിൽ നിന്നും കത്തിയുമായി ഇറങ്ങിയ രാജേഷ് ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി. ഒപ്പം രാജേഷിന്‍റെ സുഹൃത്ത് ഷിബുവും ഉണ്ടെന്ന് പൊലീസ് പറയുന്നു. രാജേഷിൻ്റെ വാഹനനമ്പർ വയർലെസ് സെറ്റിലൂടെ പൊലീസ് കൈമാറി. അരിസ്റ്റോ ജംഗ്ഷനിലുണ്ടായിരുന്ന പൊലീസുകാരൻ ഓട്ടോയിൽ കയറി രാജേഷിന്‍റെ വാഹനത്തെ പിന്തുടർന്ന് മാഞ്ഞാലിക്കുളത്ത് വെച്ച് തടഞ്ഞു. പിന്നാലെ രാജേഷും ഒപ്പമുണ്ടായിരുന്നവരും കാറിൽ നിന്നിറങ്ങി ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. 

കാറും ഡ്രൈവർ ഷാജിയെയും മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിലെടുത്തു. കഴി‍ഞ്ഞ ശനിയാഴ്ച രാത്രി പാറ്റൂരിൽ ഓം പ്രകാശിന്‍റെ സംഘം മുട്ടട സ്വദേശി നിധിനെയും മറ്റ് മൂന്ന് പേരെയും ആക്രമിച്ചിരുന്നു. ഓം പ്രകാശ് അടക്കമുള്ള പ്രതികളെ പിടികൂടാൻ ഇതേവരെ പൊലീസ് കഴിഞ്ഞിട്ടില്ല. ഇതിനിടെ  ഓം പ്രകാശിൻ്റെ സംഘത്തിലുള്ള ആരിഫിൻ്റെ വീട്ടിലുണ്ടായിരുന്ന കാർ ഇന്നലെ രാത്രി ആരോ തല്ലി തകർത്തു. പ്രതികളാരെന്ന് കണ്ടെത്തിയില്ലെന്നാണ് മ്യൂസിയം പൊലീസ് പറയുന്നത്. പഴയ ഗുണ്ടാനേതാക്കൾ വീണ്ടും രംഗത്തിറങ്ങിയത് പൊലീസിന് വലിയതലവേദനയാണ്.

click me!