
കൈനകരി: ആലപ്പുഴയിൽ വീണ്ടും ഹൗസ്ബോട്ടിന് തീപിടിച്ചു. ആലപ്പുഴ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപമാണ് ഹൗസ്ബോട്ടിന് തീപിടിച്ചത്. ബോട്ടിന്‍റെ ജനറേറ്റർ ഭാഗത്തുനിന്നാണ് ചെറിയതോതിൽ തീ ഉയർന്നത്. വിദേശികളായ വിനോദസഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. ജീവനക്കാർ തന്നെ തീ അണച്ചു. സംഭവത്തെക്കുറിച്ച് പുളിങ്കുന്ന് പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം, വേമ്പനാട്ട് കായലിൽ പാതിരാമണലിന് സമീപം മറ്റൊരു ഹൗസ് ബോട്ടിന് തീപിടിച്ചിരുന്നു. തലനാരിഴയ്ക്കാണ് കൈക്കുഞ്ഞുങ്ങളടക്കം 13 പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കണ്ണൂർ മട്ടന്നൂർ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. കോട്ടയം കുമരകം നിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് വിലയിരുത്തൽ. തീപിടുത്തമുണ്ടായ ബോട്ടിന് ലൈസൻസില്ലെന്ന് തുറമുഖ വകുപ്പ് പിന്നീട് കണ്ടെത്തി. 2013 ൽ താൽക്കാലിക ലൈസൻസ് മാത്രമാണ് ഹൗസ് ബോട്ടിന് ഉണ്ടായിരുന്നത്. അതിനുശേഷം ബോട്ട് മറ്റ് രണ്ടുപേർ കൂടി വാങ്ങിയെങ്കിലും ലൈസൻസ് പുതുക്കിയിരുന്നില്ല.
Also Read: ആലപ്പുഴയിൽ തീപിടുത്തമുണ്ടായ ഹൗസ് ബോട്ടിന് ലൈസൻസ് ഇല്ല; പ്രവര്‍ത്തിച്ചത് ആറ് വര്‍ഷം
ആലപ്പുഴയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ പകുതിയിലേറെയും അനധികൃതമാണ് എന്നതാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. വര്‍ഷത്തില്‍ ലക്ഷക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന അന്തര്‍ദേശീയ തലത്തില്‍ വരെ പ്രശസ്തമായ ആലപ്പുഴയിലെ ഹൗസ് ബോട്ടുകളുടെ യഥാര്‍ത്ഥ അവസ്ഥ എന്തെന്നറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. സുരക്ഷാസംവിധാനങ്ങളോ വിദഗ്ധരായ ജീവനക്കാരോ ബോട്ടുകളിലില്ല.
Also Read: ആലപ്പുഴയിലെ പകുതി ഹൗസ് ബോട്ടുകളും അനധികൃതം: പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് എസ്.പി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam