ആലപ്പുഴ: ആലപ്പുഴയിൽ ഇന്നലെ ഹൗസ് ബോട്ട് തീപിടിച്ചുണ്ടായ അപകടത്തിൽ നിന്ന് കൈക്കുഞ്ഞുങ്ങളടക്കം 13 പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വര്‍ഷത്തില്‍ ലക്ഷക്കണക്കിന് വിനോദസ‍ഞ്ചാരികള്‍ എത്തുന്ന അന്തര്‍ദേശീയ തലത്തില്‍ വരെ പ്രശസ്തമായ ആലപ്പുഴയിലെ ഹൗസ് ബോട്ടുകളുടെ യഥാര്‍ത്ഥ അവസ്ഥ എന്തെന്നറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. 

ജില്ലയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ പകുതിയിലേറെയും അനധികൃതമാണ് എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന വിവവരം. സുരക്ഷാസംവിധാനങ്ങളോ വിദഗ്ധരായ ജീവനക്കാരോ ബോട്ടുകളിലില്ല. പാതിരാമണലിൽ കത്തിയമർന്ന ഹൗസ് ബോട്ടിൽ നിന്ന് കൈക്കുഞ്ഞുമായി പുറത്തേക്ക് ചാടിയ മട്ടന്നൂർ സ്വദേശി നിജാസ് തന്‍റെ അനുഭവം പറയുന്നതിങ്ങനെയാണ്

ഹൗസ്ബോട്ടിന്‍റെ കിച്ചണില്‍ നിന്നുമാണ് തീ റൂമിലേക്ക് പടര്‍ന്നത്. തീപിടിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഒന്നും പേടിക്കാനില്ല എന്നാണ്. പക്ഷേ ഹൗസ് ബോട്ടിലെ അഗ്നി പ്രതിരോധസംവിധാനങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ലൈഫ് ജാക്കറ്റും ട്യൂബും ഉണ്ടോ എന്നു ചോദിച്ചപ്പോള്‍ എല്ലാം ഉണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ തീപിടിച്ചപ്പോള്‍ ഇതൊന്നും കണ്ടില്ല. തീപിടിക്കുന്ന സമയത്ത് ബോട്ട് കരയോട് ചേര്‍ന്ന് ആഴം കുറഞ്ഞ സ്ഥലത്തായിരുന്നു എന്നതു കൊണ്ടാണ് വെള്ളത്തില്‍ ചാടി രക്ഷപ്പെടാനായത്. അല്ലെങ്കില്‍.... നിജാസ് ഭയത്തോടെ പറഞ്ഞു നിര്‍ത്തുന്നു. 

ഹൗസ് ബോട്ടിലെ അപകടങ്ങളൊന്നും ഒറ്റപ്പെട്ട സംഭവമല്ല. കൈനകരി കുപ്പപ്പുറത്ത് കഴിഞ്ഞ ദിവസം ഹൗസ് ബോട്ട് കൽക്കെട്ടിലിടിച്ചു തക‍ർന്ന സംഭവമുണ്ടായി.  മുങ്ങിതാണ ബോട്ടിൽ നിന്ന് യാത്രക്കാരെ വേഗം കരയ്ക്കെത്തിച്ചതിനാൽ ആളപായമുണ്ടായില്ല. ബോട്ട് ‍‍‍ഡ്രൈവർ മദ്യപിച്ചതാണ് അപകടത്തിന് കാരണമായി പൊലീസ് കണ്ടെത്തിയത്. എല്ലാവർഷവും ഹൗസ് ബോട്ടുകളുടെ ലൈസൻസ് പുതുക്കണം. ലൈസൻസ് നമ്പർ ബോട്ടിന്‍റെ ഇരുഭാഗങ്ങളിലും പുറക് വശത്തും കൊത്തിവയ്ക്കണമെന്നാണ് ചട്ടം. പക്ഷെ നമ്പരുള്ളത് വിരളിൽ എണ്ണാവുന്ന ബോട്ടുകൾക്ക് മാത്രമാണ്. 

സുരക്ഷാകാര്യങ്ങളിലടക്കം പരിശീലനം നേടിയ ജീവനക്കാർ മിക്ക ബോട്ടുകളിലുമില്ല. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ബോട്ടുകളിൽ ജിപിഎസ് സംവിധാനം കൊണ്ടുവന്നത്. ലൈസൻസുള്ള ബോട്ടുകൾക്ക് മാത്രമാണ് അവ അനുവദിക്കുക. എന്നാൽ അനധികൃത ബോട്ടുകൾക്ക് പിടിവീഴുമെന്ന് കണ്ടതോട് ജിപിഎസ് സംവിധാനം ഹൗസ് ബോട്ട് – ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചു. ബോട്ടുകൾ ഇൻഷുർ ചെയ്യണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. നിയമലംഘനത്തിന് നടപടിയെടുക്കേണ്ട തുറമുഖ വകുപ്പും ജില്ലാഭരണകൂടവുമെല്ലാം ഇക്കാര്യത്തില്‍ നോക്കുകുത്തിയാണ്. എന്തായാലും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ആലപ്പുഴ എസ്‍പി പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്. അനധികൃതമായി സര്‍വ്വീസ് നടത്തുന്ന എല്ലാ ഹൗസ് ബോട്ടുകളും പിടിച്ചെടുക്കാന്‍ അദ്ദേഹം ഉത്തരവിട്ടു.