
പാലക്കാട്: അട്ടപ്പാടിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് വീണ്ടും മരണം. മേലെ ഭൂതയാർ ഊരിലെ ചെല്ലൻ(55) ആണ് മരിച്ചത്. കോട്ടത്തറ താലൂക്ക് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഐസിയു ആംബുലൻസ് ഇല്ലാത്തതോടെ ചെല്ലനെ തൃശൂരിലേക്ക് മാറ്റാൻ വൈകിയിരുന്നു. ഇന്ന് തൃശൂര്‍ മെഡി. കോളേജില്‍ വച്ചാണ് ചെല്ലന്‍റെ മരണം.
ശനിയാഴ്ച മഴക്കെടുതിയില്‍ പരിക്കേറ്റ യുവാവിനും വിദഗ്ധ ചികിത്സ കിട്ടാൻ വൈകിയതിന് പിന്നാലെ മരണം സംഭവിച്ചിരുന്നു. അട്ടപ്പാടി സ്വദേശി ഫൈസല്‍ ആണ് മരിച്ചത്.കോട്ടത്തറ ആശുപത്രിയില്‍ ഐസിയു ആംബുലൻസ് ഇല്ലാത്തത് തന്നെയാണ് ഫൈസലിന്‍റെ കാര്യത്തിലും തിരിച്ചടിയായത്.
ഈ സംഭവമുണ്ടാക്കിയ ബഹളം കെട്ടടങ്ങും മുമ്പ് തന്നെയാണ് അതേ മാതൃകയില്‍ ചികിത്സ വൈകുകയും, രോഗി മരിക്കുകയും ചെയ്തുവെന്ന സംഭവം ശ്രദ്ധയില്‍ വരുന്നത്. രണ്ട് ദിവസം മുമ്പാണ് ആട് മേക്കാൻ പോയ ചെല്ലനെ രാത്രിയില്‍ ബോധരഹിതനായി വനത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് കൊണ്ടുപോകാൻ ഐസിയു ആംബുലൻസ് ഇല്ലാതിരുന്നതോടെ നാല് മണിക്കൂര്‍ കാത്തുകിടക്കേണ്ടി വന്നു.
രാത്രി 12:30ഓടെയാണ് ഒടുവില്‍ ചെല്ലനെ തൃശൂര്‍ മെഡി. കോളേജില്‍ എത്തിക്കുന്നത്. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
ഫൈസലിന് സമയത്തിന് ചികിത്സ ലഭിക്കാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. നിയമപരമായി പരാതി മുന്നോട്ട് കൊണ്ടുപോകുമെന്നും ഇവര്‍അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam