
തിരുവനന്തപുരം: കോര്‍പറേഷൻ മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലെ തർക്കവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ യദു നൽകിയ ഹര്‍ജി കോടതി തള്ളി. മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു ഹര്‍ജി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതി നിര്‍ദേശ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസിൽ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് വ്യക്തമാണെന്നും കോടതി വിലയിരുത്തി. കേസിലെ പ്രതികൾ മേയറും എംഎൽഎയുമാതിനാല്‍ കാരണം അന്വേഷണം ശരിയായ ദിശയിൽ നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
സംഭവത്തിൽ മേയറുടെ ഭർത്താവ് സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയെന്ന് സാക്ഷി മൊഴിയും രേഖയും വ്യക്തമാക്കുന്നു. ബസ്സിലെ യാത്രക്കാരാണ് പൊലീസിന് എംഎൽഎ ബസിൽ കയറിയെന്ന് മൊഴി നൽകിയത്. കണ്ടക്ടറുടെ ട്രിപ്പ് ഷീറ്റിലും ഇക്കാര്യം രേഖപ്പെടുത്തി. തർക്കത്തിനിടെ സച്ചിൻദേവ് ബസ്സിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്നും തന്നെ ചീത്ത വിളിച്ചെന്നുമായിരുന്നു ഡ്രൈവർ യദുവിൻറെ പരാതി.
എന്നാൽ ബസിൽ കയറിയ സച്ചിൻദേവ് എംഎൽഎ ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടാൻ പറഞ്ഞെന്നാണ് യാത്രക്കാരുടെ മൊഴി. സർവീസ് തടസ്സപ്പെട്ടതിനെകുറിച്ച് കണ്ടക്ടർ സുബിൻ എടിഒക്ക് നൽകിയ ട്രിപ്പ് ഷീറ്റിലും എംഎൽഎ ബസിൽ കയറിയെന്ന കാര്യം പറയുന്നു. സച്ചിൻ ബസിൽ കയറിയ കാര്യം മേയർ സമ്മതിച്ചിരുന്നില്ല. ആദ്യമായി ഇക്കാര്യം പറഞ്ഞത് മേയറെ പിന്തുണക്കാൻ നടത്തിയ വാർത്താസമ്മേളനത്തിൽ എഎ റഹീമായിരുന്നു. ബസ് തടഞ്ഞിരുന്നില്ലെന്ന മേയറുടെ വാദം സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ പൊളിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ എംഎൽഎ ബസിൽ കയറിയെന്നതിൻറെ സ്ഥിരീകരണം വരുന്നത്.
ഇതിനിടെ ഡ്രൈവർ യദുവിനെതിരായ മേയറുടെ പരാതിയിൽ രജിസ്റ്റര്‍ ചെയ്ത കേസിലെ സംഭവങ്ങള്‍ പുനരാവിഷ്ക്കരിച്ചു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ലൈഗിക അധിക്ഷേപത്തോടെ ചേഷ്ട കാണിച്ചുവെന്നാണ് മേയറുടെ പരാതി. ഇത് പരിശോധിക്കാൻ പട്ടം മുതൽ പിഎംജി വരെ അതേ ബസും കാറും ഓടിച്ചായിരുന്നു വെള്ളിയാഴ്ച രാത്രി 10 മണിക്കുള്ള പുനരാവിഷ്ക്കരണം. പ്ലാമൂടിലെ സിഗ്നൽ ലൈറ്റിൽ നിന്നും പിഎംജിയിലേക്ക് പോകുമ്പോള്‍ കാറിൻ്റെ ഇടതു വശത്തൂകൂടി പല പ്രാവശ്യം ബസ് മറികടക്കാൻ ശ്രമിച്ചുവെന്നാണ് മേയറുടെ പരാതി. പിൻ സീറ്റിൽ നിന്നും നോക്കിയപ്പോള്‍ ഡ്രൈവർ ലൈംഗിക ചേഷ്‌ട കാണിച്ചുവെന്നും പറയുന്നു. പിന്നിൽ നിന്നും മേയർ നോക്കിയാൽ ഡ്രൈവറെ കാണാനാകുമോ എന്നായിരുന്നു പ്രധാനം സംശയം. അപ്പോഴുള്ള വെട്ടത്തിൽ പിൻസീറ്റ് യാത്രക്കാരിക്ക് ഡ്രൈവറെ കാണാൻ കഴിയുമെന്നാണ് പൊലീസ് അനുമാനം. പുനരാവിഷ്ക്കരിച്ച കാര്യങ്ങള്‍ പൊലിസ് റിക്കോർഡ് ചെയ്തിട്ടുണ്ട്. കുറ്റപത്രത്തോടൊപ്പം ഇതും നൽകും. അതേ സമയം പ്രധാന തൊണ്ടി മുതലായ മെമ്മറി കാർഡ് ആര് കൊണ്ടുപോയെന്ന് ഇനിയും കണ്ടെത്താൻ പൊലിസിന് കഴിഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam