അട്ടപ്പാടിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന; വിറക് ശേഖരിക്കുന്നതിനിടെ ആക്രമണം, പരിക്കേറ്റയാള്‍ മരിച്ചു

Published : Apr 27, 2025, 07:10 PM ISTUpdated : Apr 27, 2025, 08:44 PM IST
അട്ടപ്പാടിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന; വിറക് ശേഖരിക്കുന്നതിനിടെ ആക്രമണം, പരിക്കേറ്റയാള്‍ മരിച്ചു

Synopsis

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. അട്ടപ്പാടി പുതൂർ സ്വർണ ഗദ്ധ ഊരിലെ കാളിയാണ് മരിച്ചത്.  

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി വയോധികൻ മരിച്ചു. ഉൾക്കാട്ടിൽ വിറകു ശേഖരിക്കുന്നതിനിടെ പുതൂർ സ്വർണഗദ്ധ ഉന്നതിയിലെ കാളിയെ ആണ് കാട്ടാന ആക്രമിച്ചത്. കാളിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ചുലക്ഷം രൂപ കൈമാറുമെന്ന് വനംവകുപ്പ് അറിയിച്ചു.

ഇന്ന് രാവിലെ കൊച്ചുമകനൊപ്പം ഊരിൽ നിന്നും രണ്ടര കിലോമീറ്റ൪ അകലെ ഉൾക്കാട്ടിൽ വിറക് ശേഖരിക്കാനെത്തിയതായിരുന്നു കാളി. വിറകു വെട്ടുന്നതിനിടെ കാട്ടാനയ്ക്ക് മുന്നിൽപെട്ടു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാട്ടുവള്ളിയിൽ തട്ടി നിലത്തുവീണു. പാഞ്ഞടുത്ത ആന കാളിയുടെ നെഞ്ചിൽ ചവിട്ടി. തുമ്പിക്കൈകൊണ്ട് ദൂരേക്കെറിഞ്ഞു. ശബ്ദം കേട്ടെത്തിയ കൊച്ചുമകൻ വനംവകുപ്പിനെ വിവരമറിയിച്ചു. 

പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി ഉൾവനത്തിൽ നിന്നും ഒന്നര കിലോമീറ്റ൪ ചുമന്ന ശേഷം വനംവകുപ്പിന്‍റെ വാഹനത്തിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോ൪ച്ചറിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട കാളി ദീ൪ഘകാലം വനം വകുപ്പിൽ താൽക്കാലിക ഫയർ വാച്ചറും വരയാട് കണക്കെടുപ്പിൽ വനം ഉദ്യോഗസ്ഥ സംഘത്തിന്‍റെ സഹായിയുമായിരുന്നു. 

അതേസമയം കാളിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ചുലക്ഷം വനം വകുപ്പ് ഉടൻ കൈമാറും. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ വനം ഉദ്യോഗസ്ഥര്‍ക്ക് വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ