
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ ബലാത്സംഗ കേസിന് പുറമെ കോവളം സി ഐക്ക് എതിരെയും പരാതിക്കാരിയായ യുവതിയുടെ പരാതി. എം എൽ എയ്ക്കുവേണ്ടി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ആണ് ഇരയായ യുവതി തിരുവനന്തപുരം പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. കൈക്കൂലി ലക്ഷ്യമിട്ട് കേസ് അട്ടിമറിക്കാൻ സി ഐ കൂട്ടുനിന്നുവെന്നും, മാധ്യമങ്ങൾക്ക് മുന്നിൽ പേര് വെളിപ്പെടുത്തിയെന്നും ആണ് പരാതി. എം എൽ എ നടത്തിയ ന്യായീകരണത്തിന്‍റെ ചുവടുപിടിച്ച് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വ്യക്തിഹത്യ നടക്കുകയാണെന്നും പരാതി നൽകിയിട്ടുണ്ട്. എം എൽ എയെ അനുകൂലിക്കുന്ന കോൺഗ്രസ് നേതാക്കളെയാണ് യുവതി പരാതിയിൽ ചൂണ്ടികാണിക്കുന്നത്. കേസന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് സംഘത്തിനാണ് യുവതി പരാതി നൽകിയത്. യുവതി തട്ടിപ്പുകാരിയാണെന്നും പണത്തിന് വേണ്ടി എം എൽ എയെ കള്ളക്കേസിൽ കുടുക്കുകയാണെന്നുമാണ് സോഷ്യൽ മീഡിയയിലടക്കം ഇവർ നടത്തുന്ന പ്രചരണം.
എൽദോസ് എംഎൽഎ ഇപ്പോഴും ഒളിവിൽ തന്നെ; ജാമ്യാപേക്ഷ തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കും
അതേസമയം വിവാദം കത്തി ദിവസങ്ങൾ പിന്നിടുമ്പോഴും എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി പറയുന്നതുവരെ എം എൽ എ ഒളിവിൽ തുടരാനാണ് സാധ്യത. മുൻകൂര്‍ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് എൽദോസിന്റെ നീക്കം. എം എൽ എ ഒളിവിലാണെങ്കിലും പെരുമ്പാവൂരിലെ എം എൽ എ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് എം എൽ എ ഓഫീസിന് പൊലീസ് സുരക്ഷ ഏര്‍പെടുത്തിയിട്ടുണ്ട്. അതേസമയം എം എൽ എ പ്രതിയായ ബലാത്സംഗ കേസായതിനാൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. പീഡനക്കേസിൽ ദിവസങ്ങളായി പൊലീസും സ്വന്തം പാർട്ടി നേതാക്കളും തെരഞ്ഞിട്ടും എം എൽ എയുടെ പൊടി പോലും കിട്ടാതായതോടെ ഡി വൈ എഫ് ഐയും യുവമോർച്ചയുമടക്കമുള്ള യുവജന അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതിഷേധം കനത്തേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam