കർഷക സമരം: ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷി മന്ത്രി

By Web TeamFirst Published Jul 18, 2021, 12:59 PM IST
Highlights

പാർലമെന്റ് സമ്മേളനം നടക്കാനിരിക്കെ സഭയ്ക്ക് അകത്തും പുറത്തും കർഷക സമരം സർക്കാരിനെതിരെ പ്രതിപക്ഷം വലിയ ആയുധമാക്കാനിരിക്കെയാണ് കൃഷിമന്ത്രി നിലപാട് ആവർത്തിക്കുന്നത്.

ദില്ലി: പാർലമെന്‍റിന് മുന്നിൽ വ്യാഴാഴ്ച്ച മുതൽ ഉപരോധ സമരത്തിന് കർഷകർ തയ്യാറെടുക്കുന്നതിനിടെ വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന ആവർത്തിച്ച് കേന്ദ്ര സർക്കാർ. പ്രതിഷേധത്തിന്‍റെ പാത അവസാനിച്ച് കർഷകർ ചർച്ചയ്ക്ക് എത്തണമെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ്ങ് തോമർ രംഗത്തെത്തി. പാർലമെന്റ് സമ്മേളനം നടക്കാനിരിക്കെ സഭയ്ക്ക് അകത്തും പുറത്തും കർഷക സമരം സർക്കാരിനെതിരെ പ്രതിപക്ഷം വലിയ ആയുധമാക്കാനിരിക്കെയാണ് കൃഷിമന്ത്രി നിലപാട് ആവർത്തിക്കുന്നത്.

എന്നാൽ നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് മാത്രമേ ചർച്ചയ്ക്കൊള്ളൂ എന്ന നിലപാടിലാണ് സംയുക്ത കിസാൻ മോർച്ച. അതേസമയം പാർലമെന്‍റ് ഉപരോധം സംബന്ധിച്ച് ദില്ലി പൊലീസ് കർഷക സംഘടനകളുമായി ഉച്ചയ്ക്ക് രണ്ട് മണിക്ക് ചർച്ച നടത്തും. ദില്ലി പൊലീസ് ജോ.കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തുക. ചർച്ചക്കായി പൊലീസ് സംഘം കര്‍ഷകര്‍ സമരം നടക്കുന്ന സിംഘുവിലെത്തും.  അതീവ സുരക്ഷ മേഖലയായ പാർലമെന്റിന് മുന്നിൽ നിന്ന് സമരവേദി മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് പൊലീസിന്‍റെ ആവശ്യം. പാർലമെന്‍റ് സമ്മേളനം നടക്കുന്നതിലാണ് രാജ്പഥ് ഉൾപ്പെടെയുള്ള മേഖലകളിൽ പ്രതിഷേധത്തിന് അനുമതി നൽകാനാകില്ലെന്ന് പൊലീസ് കര്‍ഷകരെ അറിക്കും. പ്രതിഷേധത്തിന് പകരം സ്ഥലം സംബന്ധിച്ച് ചർച്ച നടത്തും. ജനുവരി 26 ന് നടന്ന സംഘർഷ സാഹചര്യം ഒഴിവാക്കണമെന്ന് ആഭ്യർത്ഥിക്കുമെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!