
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ബന്ധം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഭരണത്തിൽ ബെനാമികളും വൻകിടക്കാരും അരങ്ങുതകർക്കുന്നു. അവരാണ് ഭരണം നിയന്ത്രിക്കുന്നത്. മന്ത്രിമാർക്ക് സ്വാതന്ത്ര്യമില്ല. അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു. ഐഎഎസുകാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യമടക്കം മുഖ്യമന്ത്രിയിലേക്ക് കേന്ദീകരിക്കുന്നു. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമാണ്. താനുന്നയിച്ച ആരോപണങ്ങൾ പൂർണമായും ശരിയെന്ന് തെളിഞ്ഞു. ആരോപണങ്ങൾ കെൽട്രോണിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് വ്യവസായ മന്ത്രി പി രാജീവ് ശ്രമിച്ചത്. തോമസ് ഐസക് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് കെൽട്രോൺ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മുൻനിർത്തി വൻകിട പദ്ധതികൾ നടത്തരുതെന്ന് ഉത്തരവുണ്ട്. അതെല്ലാം കാറ്റിൽപ്പറത്തി.
എഐ ക്യാമറ സ്ഥാപിക്കാനുള്ള ചുമതല കെൽട്രോണിനെ ഏൽപ്പിച്ചത് പൊതുമേഖലാ സ്ഥാപനമായത് കൊണ്ടാണ്. കെൽട്രോൺ എസ്ആർഐടി ടെണ്ടർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗുജറാത്ത് ഇൻഫോടെകിനെ ക്വാളിഫിക്കേഷൻ ഇല്ലെന്ന് പറഞ്ഞ് ടെണ്ടറിൽ നിന്ന് തള്ളി. അക്ഷര ഇൻഫോടെക്, അശോക ഇൻഫോടെക്, എസ്ആർഐടിയും പങ്കെടുത്തു. ഈ മൂന്ന് കമ്പനികളും പരസ്പരം ബന്ധമുള്ള കമ്പനികളാണ്. എസ്ആർഐടിക്ക് കരാർ കിട്ടാനുള്ള ഇടപെടലാണ് മറ്റുള്ളവർ നടത്തിയത്. കെൽട്രോൺ കൺസൾട്ടന്റാണ്. അവർക്ക് പർച്ചേസ് പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്വന്തമായി പണം മുടക്കാനില്ലാത്ത, ടെക്നിക്കൽ ക്വാളിഫിക്കേഷൻ ഇല്ലാത്ത കമ്പനിക്ക് എന്തിനാണ് കെൽട്രോൺ കരാർ കൊടുത്തതെന്ന് അദ്ദേഹം ചോദിച്ചു. 86 കോടിക്ക് തീരാവുന്ന പദ്ധതിയാണ് ഉയർന്ന തുകയ്ക്ക് കരാർ കൊടുത്തത്. സ്വകാര്യ കമ്പനികൾക്ക് കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കി. രണ്ട് തവണ മന്ത്രിസഭ ചട്ടലംഘനം കണ്ടെത്തി മാറ്റിവെച്ച പദ്ധതിയാണിത്. മൂന്നാമത്തെ തവണ മോട്ടോർ വാഹന വകുപ്പ് സെക്രട്ടറിയുടെ ശുപാർശയുണ്ടെന്ന് പറഞ്ഞ് മന്ത്രിസഭ അനുമതി കൊടുത്തു. ജനകീയ സർക്കാരിന് ഒരിക്കലും അംഗീകരിച്ച് കൊടുക്കാൻ പാടില്ലാത്തതാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam