
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിൽ എസ്ആർഐടി ഉണ്ടാക്കിയ ഉപകരാര്‍, പുറംകരാര്‍ എന്നിവയിലെ വ്യവസ്ഥകളെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെന്ന് തുറന്ന് സമ്മതിച്ച് കെൽട്രോൺ. വിവാദങ്ങൾക്കൊടുവിൽ ടെണ്ടര്‍ ഇവാലുവേഷൻ റിപ്പോര്‍ട്ടും എസ്ആര്‍ഐടി സമര്‍പ്പിച്ച ഉപകരാര്‍ വിശദാംശങ്ങളും കെൽട്രോൺ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസാഡിയോയും ട്രോയ്‌സും പദ്ധതി നിര്‍വ്വഹണത്തിൽ പ്രധാന പങ്കാളികളെന്ന് വ്യക്തമാക്കുന്നതാണ് എസ്ആര്‍ഐടി സമര്‍പ്പിച്ച ഉപകരാര്‍ രേഖ. ടെണ്ടർ ഇവാല്യൂഷനിൽ എസ്ആർഐടിക്ക് കെൽട്രോൺ നൽകിയത് 100ൽ 95 മാർക്കാണെന്നും രേഖകൾ വ്യക്തമാക്കുന്നു.
എഐ ക്യാമറ ഇടപാട് വിവാദമായപ്പോൾ ഉപകരാറുകളെ കുറിച്ച് അറിയില്ലെന്നും അറിയേണ്ട കാര്യമില്ലെന്നുമായിരുന്നു കെൽട്രോൺ വാദം. പദ്ധതി നിര്‍വ്വഹണം ഏൽപ്പിച്ചത് എസ്ആര്‍ഐടിയെയാണ്. ഉപകരാർ നൽകിയതിന്റെ ഉത്തരവാദിത്തം സ്വകാര്യ കമ്പനിക്ക് മാത്രമാണെന്ന കെൽട്രോൺ വാദം വലിയ വിമര്‍ശനത്തിനും ഇടയാക്കി. ഇതിനിടെയാണ് ഉപകരാറുകളെ കുറിച്ചെല്ലാം എസ്ആര്‍ഐടി കെൽട്രോണിനെ ധരിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖ കെൽട്രോൺ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്.
എഐ ക്യാമറ വിവാദം; ഇരുചക്രവാഹന യാത്രക്കാരുടെ പ്രശ്നങ്ങൾ കേന്ദ്രവുമായി സംസാരിക്കും: മുഖ്യമന്ത്രി
എസ്ആര്‍ഐടി 2021 മാര്‍ച്ച് 13 ന് കെൽട്രോണിന് നൽകിയ രേഖയനുസരിച്ച് പ്രസാഡിയോ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും ട്രോയ്സ് ഇഫോഫോടെകും പദ്ധതി നിര്‍വ്വഹണത്തിലെ പ്രധാന പങ്കാളികളാണ്. മീഡിയാ ട്രോണിക്സ് അടക്കം ഒരു ഡസനോളം സ്ഥാപനങ്ങൾ ഒഇഎമ്മുകളായും പ്രവര്‍ത്തിക്കുന്നുണ്ട്. കെൽട്രോൺ പുറത്ത് വിട്ട രേഖയനുസരിച്ച് ടെണ്ടര്‍ ഇവാലുവേഷനിൽ എസ്ആര്‍ഐടിക്ക് കിട്ടിയത് 100 ൽ 95 മാര്‍ക്കാണ്. അശോകക്ക് 92 ഉം അക്ഷരക്ക് 91 ഉം കിട്ടിയപ്പോൾ ടെണ്ടര്‍ ഘട്ടത്തിൽ പുറത്തായ ഗുജറാത്ത് ഇഫോടെക്കിന് കിട്ടിയത് എട്ട് മാര്‍ക്ക് മാത്രമാണ്.
അഡ്മിനിസ്ട്രേറ്റീവ് സാങ്ഷനും വര്‍ക്ക് ഓര്‍ഡറും പദ്ധതി തുകയുടെ വിശദാംശങ്ങളും എല്ലാം പ്രസിദ്ധീകരിച്ചിട്ടും ഉപകരാര്‍ വിശദാംശങ്ങളും ടെണ്ടര്‍ ഇവാലുവേഷൻ റിപ്പോര്‍ട്ടും മറച്ച് വച്ച കെൽട്രോണിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ രേഖകൾ കൂടി കെൽട്രോൺ വെബ്സൈറ്റിലിട്ടത്. ഉപകരാറിലെ കള്ളക്കളികളും കമ്പനികൾ തമ്മിലുള്ള ബന്ധവുമെല്ലാം വലിയ ചര്‍ച്ചയായി നിൽക്കുന്നതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്.
എ ഐ ക്യാമറ വിവാദം; രേഖകൾ പ്രസിദ്ധീകരിച്ച് കെൽട്രോൺ, വെബ്സൈറ്റിലുള്ളത് നേരത്തെ പുറത്തുവന്ന രേഖകൾ