
ദില്ലി : ബാർ കോഴക്കേസിൽ അന്വേഷണമാകാമെന്ന് സുപ്രീം കോടതിയിൽ നിലപാടറിയിച്ച് സിബിഐ. ബാർ കോഴക്കേസിൽ സിബിഐ അന്വേഷണമെന്ന ആവശ്യം നേരത്തെ സുപ്രീം കോടതി തളളിയിരുന്നു. ഹർജി കോടതി ഇന്ന് പരിഗണിച്ചേക്കും. സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ അന്വേഷണമാകാമെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. പി എൽ ജേക്കബ് എന്നയാളാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി വി എസ് ശിവകുമാര്‍, മുൻ മന്ത്രി കെ ബാബു, അന്തരിച്ച മുൻ ധനമന്ത്രി കെ എം മാണിയുടെ മകനും കേരള കോൺഗ്രസ് (എം) നേതാവുമായ ജോസ് കെ മാണി എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. കൊച്ചി സി ബി ഐ യൂണിറ്റ് എസ് പിയാണ് നിലപാട് അറിയിച്ചത്. 418 ബാറുകള്‍ തുറക്കാന്‍ അഞ്ച് കോടിരൂപ ആവശ്യപ്പെട്ടെന്ന ബിജു രമേശിന്‍റെ വെളിപ്പെടുത്തലാണ് കേസിന് ആധാരം.
അതേസമയം ബാര്‍ കോഴക്കേസ് കുത്തിപ്പൊക്കലിന് പിന്നില്‍ ആര്‍ എസ് എസ് അജന്‍ഡയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. സി ബി ഐ കൂട്ടിലടച്ച തത്തയാണ്. ആർ എസ് എസ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന ഏജൻസിയാണ് സി ബി ഐയെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ നടക്കുന്നത് സ്വാഭാവിക നടപടി എന്ന് കെ ബാബു പ്രതികരിച്ചു. അന്വേഷണം സംബന്ധിച്ച് സുപ്രീംകോടതി നിർദ്ദേശം ഒന്നും നൽകിയിട്ടില്ല. പല കേസുകളും ചർച്ച ആകുമെന്നും ഇതിൽ പ്രതികരിക്കേണ്ട കാര്യമില്ല എന്നും കെ ബാബു പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam