തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; ശശി തരൂര്‍ അടക്കം പത്ത് പേര്‍ സമിതിയിൽ

By Web TeamFirst Published Jan 19, 2021, 7:35 PM IST
Highlights

കെപിസിസിയുടെ തെരഞ്ഞെടുപ്പ് മേൽനോട്ടത്തിനും പ്രചരണ തന്ത്രം രൂപീകരിക്കാനുമുള്ള സമിതിയാണ് ഉമ്മൻചാണ്ടി അധ്യക്ഷനായി വരുന്നത് എഐസിസിയുടെ ഉത്തരവിൽ പറയുന്നു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനുള്ള പത്തംഗസമിതിയെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷനായ സമിതിയിൽ പത്ത് പേരാണുള്ളത്. 

ഉമ്മൻചാണ്ടിയെ കൂടാതെ കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവര്‍, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ, എംപിമാരായ കെ.മുരളീധരൻ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂര്‍ എന്നിവരാണ് പത്തംഗ സമിതിയിൽ അംഗമായിട്ടുള്ളത്. 

കെപിസിസിയുടെ തെരഞ്ഞെടുപ്പ് മേൽനോട്ടത്തിനും പ്രചരണ തന്ത്രം രൂപീകരിക്കാനുമുള്ള സമിതിയാണ് ഉമ്മൻചാണ്ടി അധ്യക്ഷനായി വരുന്നത് എഐസിസിയുടെ ഉത്തരവിൽ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാനും തന്ത്രങ്ങൾ രൂപീകരിക്കാനുമായി സമിതി തുടര്‍ച്ചയായി യോഗം ചേരണമെന്നും ഇതുമായി ബന്ധപ്പെട്ട അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയം പ്രസ്തുത സമിതിയുടെ ചുമതലയിൽ വരുന്നില്ലെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനായി കെപിസിസി അധ്യക്ഷൻ്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്രീനിംഗ് കമ്മിറ്റിക്ക് എഐസിസി ഉടനെ രൂപം നൽകുമെന്നാണ് സൂചന. 

click me!