'ആരെ പറ്റിച്ചാലും ലൂർദ്ദ് മാതാവിനെ പറ്റിക്കരുത്, അനുഭവിച്ചോട്ടാ'; സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി അനിൽ അക്കര

Published : Aug 10, 2025, 11:41 AM ISTUpdated : Aug 10, 2025, 11:45 AM IST
Anil Akkara indirectly criticises Suresh Gopi

Synopsis

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടും മൗനം പാലിച്ച സുരേഷ് ഗോപിക്കെതിരെ വിമർശനം

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി എഐസിസി അംഗം അനിൽ അക്കര. 'ആരെ പറ്റിച്ചാലും ലൂർദ്ദ് മാതാവിനെ പറ്റിക്കരുത്. അനുഭവിച്ചോട്ടാ' എന്നാണ് അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ലൂർദ്ദ് മാതാവിന് സുരേഷ് ഗോപി കിരീടം സമർപ്പിച്ചത് ചർച്ചയായിരുന്നു.

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെ കുറിച്ചോ അതിനു ശേഷം ഒഡിഷയിൽ വൈദികർ ആക്രമിക്കപ്പെട്ടതിനെ കുറിച്ചോ സുരേഷ് ഗോപി ഒരു പ്രതികരണവും നടത്തിയിരുന്നില്ല. തുടർന്നാണ് എൽഡിഎഫ്, യുഡിഎഫ് നേതാക്കളും ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപനുമെല്ലാം വിമർശനവുമായി രംഗത്തെത്തിയത്.

സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‍യു നേതാവ് രംഗത്തെത്തി. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു തൃശൂര്‍ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂര്‍ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു മുന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

സുരേഷ് ഗോപിയെ കാണാനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും ചൂണ്ടിക്കാട്ടി. കന്യാസ്ത്രീകൾ അറസ്റ്റിലായപ്പോൾ സുരേഷ് ഗോപിയെ എവിടെയും കണ്ടില്ലെന്നും അദ്ദേഹം ഒളിവു ജീവിതത്തിലാണോയെന്നും ശിവൻകുട്ടി ചോദിച്ചു. സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ മാർ യൂഹാനോൻ മിലിത്തിയോസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദില്ലിയിലേക്ക് അയച്ച നടനെ കാണാനില്ലെന്നും പൊലീസിൽ അറിയിക്കണോയെന്നാണ് ആശങ്കയെന്നുമാണ് അദ്ദേഹം കുറിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി