
ദില്ലി : ശശി തരൂരിന്റെ പരിപാടികളിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ പ്രതിഷേധ സ്വരം ഉയർന്നതോടെ വിശദീകരണവുമായി എഐസിസി. ശശി തരൂരിന്റെ പരിപാടികളിൽ പങ്കെടുക്കണമോ വേണ്ടയോ എന്നതിൽ സംഘാടകർക്ക് തീരുമാനിക്കാമെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് എഐസി സി വ്യക്തമാക്കി. പരിപാടികൾ പാടില്ലെന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും നേതൃത്വം പറഞ്ഞു. പരിപാടികളെ കുറിച്ച് തരൂർ അറിയിച്ചിരുന്നില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
അപ്രഖ്യാപിത വിലക്കുണ്ടെന്ന ആരോപണം ഉയരുന്നതിനിടെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ തരൂരിന്റെ പുറപ്പാട്. ഇതിനിടെ തരൂരിന്റെ പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിനെതിരെ എം കെ രാഘവൻ എംപിയും ശബരീനാഥൻ എംഎൽഎയും അടക്കമുള്ളവർ രംഗത്തെത്തി.
കോഴിക്കോട്ടെ പരിപാടിയിൽ നിന്നാണ് യൂത്ത് കോൺഗ്രസ് പിന്മാറിയത്. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാർ തീരുമാനിച്ചത്. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിന പിന്മാറ്റം. യൂത്ത് കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി, ഇവർ പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന ഏറ്റെടുത്തു.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെല്ലാം ഈ തരത്തിൽ പ്രശ്നം ഉണ്ട്. മലപ്പുറം ഡിസിസിയിലെ സ്വീകരണം ഒഴിവാക്കി, ഡിസിസി സന്ദർശനം മാത്രമാക്കി. കണ്ണൂർ ഡിസിസിയിലെ പരിപാടിയിൽ നിന്ന് ഡിസിസി ഒഴിവാക്കി. കോൺഗ്രസും യൂത്ത് കോൺഗ്രസും പിന്മാറുമ്പോൾ ചെറിയ പോഷക സംഘടനകളെ ഉപയോഗിച്ചാണ് പരിപാടികൾ മുടങ്ങാതെ തരൂർ പക്ഷം നോക്കുന്നത്.
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗേയോട് മത്സരിച്ച തരൂരിന് കിട്ടിയത് 1072 വോട്ടായിരുന്നു. 100 വോട്ടെങ്കിലും കേരളത്തിൽ നിന്നാകാമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന കോൺഗ്രസിൽ തരൂരിന്റെ മുന്നോട്ട് പോക്ക്. കേരള നേതാക്കളിൽ നിന്ന് വ്യത്യസ്തമായി തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എംകെ രാഘവനാണ് വരും ദിവസങ്ങളിൽ മലബാർ ജില്ലകളിൽ തരൂരിന്‍റെ പര്യടനം ഏകോപിപ്പിക്കുന്നത്. മുസ്ലിം ലീഗ് നേതൃത്വത്തെ തരൂര്‍ പാണക്കാട്ടെത്തി കാണും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam