രാഹുൽ ഗാന്ധി ടി ഷർട്ടും, ഖദറും ധരിക്കാറുണ്ട്; നേതാക്കൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെയെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്

Published : Jul 03, 2025, 02:36 PM IST
shama muhammed

Synopsis

മഹാത്മ ഗാന്ധിയുടെ കാലം മാറിയെന്നും ഷമ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു.

ദില്ലി: കോൺ​ഗ്രസ് നേതാക്കൾ ഖദർ വേഷം ധരിക്കുന്നത് ഉപേക്ഷിക്കുന്നുവെന്ന വിവാദ ചർച്ചയിൽ പ്രതികരണവുമായി എഐസിസി വക്താവ് ഷമ മുഹമ്മദ്. നേതാക്കൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെയെന്ന് ഷമ മുഹമ്മദ് പ്രതികരിച്ചു. രാഹുൽ ഗാന്ധി ടി ഷർട്ടും, ഖദറും ധരിക്കാറുണ്ട്. വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം പാർട്ടി തന്നിട്ടുണ്ട്. മഹാത്മ ഗാന്ധിയുടെ കാലം മാറിയെന്നും ഷമ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. ഖദർ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വരുന്നതിനിടെയാണ് ഷമ മു​ഹമ്മദിൻ്റെ പരാമർശം.

കോൺഗ്രസിലെ യുവ നേതാക്കൾ ഖദർ ഉപേക്ഷിക്കുന്നതിനെതിരെ മുതിർന്ന നേതാവ് അജയ് തറയിലാണ് രം​ഗത്തെത്തിയത്. വസ്ത്രധാരണത്തിൽ പുതിയ തലമുറ കോൺഗ്രസുകാർ ഡിവൈഎഫ്ഐയെ അനുകരിക്കാൻ ശ്രമിക്കുക ആണെന്നാണ് ഫെയ്സ്ബുക്കിലൂടെ അജയ് തറയിൽ വിമർശനം ഉന്നയിച്ചത്. ഖദർ വസ്ത്രങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ കൂടിയാണ് പുതിയ തലമുറ മറക്കുന്നതെന്നും ഇതിനെയാണ് താൻ വിമർശിച്ചത് എന്നും അജയ് തറയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിന് പിന്നാലെ പരാമർശം ചർച്ചയായി. അനുകൂലിച്ചും പ്രതികൂലിച്ചും കോൺ​ഗ്രസ് നേതാക്കൾ‌ രം​ഗത്തെത്തി.

കോൺഗ്രസുകാർ ഖദർ ധരിക്കുന്നതാണ് ഭംഗിയെന്ന് ഇന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ആർക്ക് വേണേലും ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. അതിനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഖദറാണ് ശരിയെന്നും നിത്യജീവിതത്തിൻ്റെ ഭാ​ഗമാക്കാൻ ശ്രമിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചപ്പോൾ ഖദർ വെൺമ നിലനിർ‌ത്താൻ ഉജാല മതിയെന്നും നന്മ നിലനിർത്താൻ ജീവിതശുദ്ധി വേണമെന്നും മാത്യു കുഴൽനാടനും പറ‍ഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം