കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും, 130 പേരുടെ പട്ടിക 45 ആയി കുറച്ചു

By Web TeamFirst Published Jan 24, 2020, 7:30 AM IST
Highlights


ജംബോ പട്ടികയ്ക്ക് നേരെ കർശന വിമർശനം ഉയർന്നതോടെ വിഡി സതീശൻ, ടിഎൻ പ്രതാപൻ, എപി അനിൽ കുമാർ എന്നീ നേതാക്കൾ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരി​ഗണിക്കേണ്ടെന്ന് കാണിച്ച് ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. 
 

തിരുവനന്തപുരം: മാരത്തൺ ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും. പുതിയ കെപിസിസി അധ്യക്ഷൻ ചുമതലയേറ്റ് ഒന്നരവർഷത്തോളം കഴിഞ്ഞാണ് കെപിസിസി ഭാരവാഹി പട്ടിക പുറത്തു വരുന്നത്. 

എ-ഐ ​ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെ തുടർന്ന് 130 പേരെ ഉൾപ്പെടുത്തി നൽകിയ ഭാരവാഹി പട്ടിക നേരത്തെ കോൺ​ഗ്രസ് ഹൈക്കമാൻഡ് തള്ളിയിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതിനെ തുടർന്ന് 130 ഭാരവാഹികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 45 പേരുടെ പട്ടികയാണ് ഒടുവിൽ കേരള നേതാക്കൾ കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചിരിക്കുന്നത്. 

എ-ഐ ​ഗ്രൂപ്പുകളിൽ നിന്നും കടുത്ത സമ്മർദ്ദമുണ്ടായിട്ടും ജംബോ കമ്മിറ്റി വേണ്ടെന്ന കർശന നിലപാടിൽ അവസാന നിമിഷം വരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉറച്ചു നിന്നതും കേരള പോലൊരു ചെറിയ സംസ്ഥാനത്തിന് ആറ് വർക്കിം​ഗ് പ്രസിഡന്റുമാർ അടക്കം ഇത്ര വലിയ ഭാരവാഹി പട്ടിക എന്തിനാണെന്ന സോണിയ ​ഗാന്ധിയുടെ വിമർശനവും ഭാരവാഹികളുടെ എണ്ണം കുറയാൻ കാരണമായി. 

ജംബോ പട്ടികയ്ക്ക് നേരെ കർശന വിമർശനം ഉയർന്നതോടെ വിഡി സതീശൻ, ടിഎൻ പ്രതാപൻ, എപി അനിൽ കുമാർ എന്നീ നേതാക്കൾ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരി​ഗണിക്കേണ്ടെന്ന് കാണിച്ച് ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. കേരളത്തിൽ ജംബോ കമ്മിറ്റിയുടെ ആവശ്യമില്ലെന്നും ജംബോ കമ്മിറ്റിയുടെ ഭാ​ഗമായി ഭാരവാഹിത്വം തന്നാൽ അതു നാണക്കേടായി മാറുമെന്നും ഹൈക്കമാൻഡിന് ഇവർ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു. 

click me!