വ്യോമസേനാ വിമാനം തകര്‍ന്ന് സൈനികരുടെ മരണം: അനുശോചിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jun 13, 2019, 9:16 PM IST
Highlights

മരണപ്പെട്ടവരില്‍ മൂന്നു മലയാളികളുമുണ്ട്. ജീവന്‍ നഷ്ടപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ എ എന്‍-32 എയര്‍ഫോഴ്സ് വിമാനം തകര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  മരണപ്പെട്ടവരില്‍ മൂന്നു മലയാളികളുമുണ്ട്. രാജ്യസേവനത്തിനിടയില്‍ മരണപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

ജൂണ്‍ മൂന്നിനാണ് വിമാനം കാണാതായത്. തുടര്‍ന്ന് തുടര്‍ച്ചയായി തെരച്ചില്‍ നടത്തി 10 ദിവസം പിന്നിടുമ്പോഴാണ് സൈനികരുടെ മൃതദേഹം കണ്ടെത്തുന്നത്. വിമാനം തകര്‍ന്നുവീണ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും കണ്ടെത്തിയിട്ടുണ്ട്. 

കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി എന്‍ കെ ഷെരില്‍, കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍. ആറ് ഉദ്യോഗസ്ഥരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അസമിലെ ജോര്‍ഹാട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മച്ചാക്കുവിലേക്കുള്ള യാത്രാമധ്യേയാണ് എഎന്‍ 32 വിമാനം കാണാതായത്. ‌

click me!