
കൊച്ചി: കൊവിഡ്-19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എയര്‍ ഇന്ത്യ വനിത പൈലറ്റ് ബിന്ദു സെബാസ്റ്റ്യൻ ആശുപത്രി വിട്ടു. വിദഗ്ദ്ധ ചികിത്സക്ക് ശേഷം രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയി. ഇതേത്തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.
പ്രവാസികളെ വിദേശ രാജ്യങ്ങളില്‍ നിന്നും കൊണ്ടുവരുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായിരുന്നു ബിന്ദു. എറണാകുളം തേവര സ്വദേശിനിയാണ്. ഏറ്റവും മികച്ച ചികിത്സയാണ് എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചതെന്ന് അവർ പറഞ്ഞു. ആരോഗ്യ വകുപ്പിനും എറണാകുളം മെഡിക്കല്‍ കോളേജിനും നന്ദി പറയുന്നു. എന്തെങ്കിലും ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ എല്ലാവരും ചികിത്സ തേടേണ്ടതാണ്. പ്രവാസികളെ കൊണ്ടുവരാനുള്ള ദൗത്യത്തില്‍ ഇനിയും പങ്കാളിയാകുമെന്നും ബിന്ദു സെബാസ്റ്റ്യന്‍ വ്യക്തമാക്കി.
യു.എ.ഇ.യില്‍ നിന്നും കേരളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരാനുള്ള മിഷനില്‍ ബിന്ദുവും പങ്കെടുത്തിരുന്നു. ഇതിന് ശേഷം നടന്ന സ്രവ പരിശോധനയിലാണ് കഴിഞ്ഞ ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കി.
എറണാകുളം മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലും പള്‍മണറി മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ. ഫത്താഹുദ്ദീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ വാഴയില്‍, ആര്‍.എം.ഒ. ഡോ.ഗണേശ് മോഹന്‍, മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ജേക്കബ് കെ. ജേക്കബ്, അസോ. പ്രൊഫ. ഡോ. ബി. റെനിമോള്‍, നഴ്‌സിംഗ് സൂപ്രണ്ട് സാന്റി അഗസ്റ്റിന്‍ എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam