
ദില്ലി: വിമാനം പുറപ്പെടുന്നതിനും മൂന്നും നാലും മണിക്കൂറ് മുമ്പ് വിമാനത്താവളത്തിലെത്താന്‍ യാത്രക്കാരോട് ആവശ്യപ്പെട്ട് വിമാന കമ്പനികള്‍. ദില്ലി അന്താരാഷ്ട്രാ വിമാനത്താവളങ്ങളില്‍ തിരക്ക് കൂടുന്നതിനാലാണ് യാത്രക്കാരോട് നേരത്തെ എത്തിച്ചേരാന്‍ വിമാന കമ്പനികള്‍ ആവശ്യപ്പെടുന്നത്. സുരക്ഷാ പരിഷോധനയ്ക്കായി യാത്രക്കാര്‍ മണിക്കൂറുകളോളമാണ് ഇപ്പോള്‍ ക്യൂ നില്‍ക്കേണ്ടിവരുന്നത്. ഇത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു.
കഴിഞ്ഞ കുറച്ചേറെ നാളുകളായി ദില്ലി അടക്കമുള്ള രാജ്യത്തെ പ്രധാനപ്പെട്ട ഏതാണ്ടെല്ലാ വിമാനത്താവളങ്ങളിലും നീണ്ട ക്യൂവും തിരക്കുമാണ് അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്ന് സുരക്ഷാ പരിശോധന നീളുന്നതോടെ യാത്രക്കാര്‍ നീണ്ട മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടിവരുന്നു. നിരന്തരം പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരനുഭവിക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ച് വ്യാമയാന മന്ത്രാലയം അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൂടുതല്‍ ജോലിക്കാരെ നിയമിച്ച് വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കണമെന്ന് വ്യാമയാന മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് യാത്രക്കാരോട് വിമാനത്താവളങ്ങളില്‍ നേരെത്തെ എന്നാല്‍ വിമാന കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോ യാത്ര പുറപ്പെടുന്നതിന് മൂന്നും നാലും മണിക്കൂറ് മുന്നേ വിമാനത്താവളങ്ങളിലെത്തേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.
സാധാരണയായി വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറ് മുന്നേയാണ് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ മൂന്നും നാലും മണിക്കൂറ് മുമ്പ് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നര മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്താനാണ് ഇൻഡിഗോ യാത്രക്കാർക്ക് നല്‍കിയ നിർദ്ദേശം നൽകിയത്. മാത്രമല്ല ഇന്‍ഡിയോയുടെ ചെക്കിന്‍ സൗകര്യങ്ങള്‍ക്ക് അടുത്തുള്ള 5, 6 നമ്പർ ഗേറ്റുകൾ ഉപയോഗിച്ച് വേണം അകത്തേക്ക് കടക്കാനെന്നും ഇൻഡിഗോ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാല്‍, നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളങ്ങളിലെത്താനാണ് എയർ ഇന്ത്യയുടെ നിര്‍ദ്ദേശം. നിരന്തരമുയര്‍ന്ന പരാതികള്‍ക്കൊടുവിലാണ് വിമാനക്കമ്പനികള്‍ ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാല്‍, കൂടുതല്‍ ജോലിക്കാരെ ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയ്ക്കുന്നതിന് പകരം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി നേരത്തെ എത്താനുള്ള വിമാന കമ്പനികളുടെ തീരുമാനത്തിലും യാത്രക്കാര്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്.
സംഭവത്തില്‍ ഗതാഗത ടൂറിസം പാര്‍ലമെന്‍ററി കാര്യ സമിതി ദില്ലി വിമാനത്താവളം സിഇഒയോട് നാളെ നേരിട്ട് വന്ന് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഓട്ടോമാറ്റിക്ക് ട്രയല്‍ ട്രിവന്‍ സംവിധാനമൊരുക്കി എത്രയും പെട്ടെന്ന് തന്നെ വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കുമെന്നാണ് വിമാനത്താവളം അധികൃതരും പറയുന്നത്. യാത്രക്കാരുടെ വര്‍ദ്ധനവിനൊപ്പം ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഇല്ലാതെ വന്നപ്പോളാണ് സുരക്ഷാ പരിശോധനയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കാലതാമസം നേരിടേണ്ടിവന്നത്. അതോടൊപ്പം വിമാനത്താവളത്തിലെ സൗകര്യങ്ങളുടെ കുറവും അതിനൂതന സാങ്കേതിക വിദ്യയുടെ അപര്യാപ്തയും കൂടി വന്നതോടെ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ മണിക്കൂറുകളോളം ക്യൂ നിന്നശേഷമാണ് വിമാനത്തില്‍ പ്രവേശിക്കാന്‍ കഴിയുന്നത്.