
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ രാജ്യസഭയിൽ നൽകിയ മറുപടിയോടെ യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞതായി എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ്. കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ജെബി മേത്തറുടെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടിയാണ് പ്രതിപക്ഷത്തിന്റെ വാദങ്ങൾ തള്ളിക്കളയുന്നതെന്ന് സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. കേരളത്തിൽ ഇതുവരെ പി.എം. ശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും, സ്കൂളുകൾ തിരഞ്ഞെടുക്കുന്നതുൾപ്പെടെ പദ്ധതി നടപടികളിൽ കേരളം പങ്കാളിയായിട്ടില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് സിപിഐ അനുകൂല വിദ്യാർത്ഥി സംഘടന സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ രംഗത്തെത്തിയത്.
ഇടതുമുന്നണി സർക്കാർ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചെന്ന തരത്തിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ധീനും ഉൾപ്പെടെ നേതാക്കൾ പ്രചാരണം നടത്തിയതെന്ന് എഐഎസ്എഫ് കുറ്റപ്പെടുത്തി. കേരളത്തിന് അർഹമായ സമഗ്ര ശിക്ഷാ കേരള പദ്ധതിയുടെ 99.27 കോടി രൂപ ലഭിക്കാനായി സ്വീകരിച്ച നടപടികളെ ബോധപൂർവം പിഎം ശ്രീ പദ്ധതിയുമായി കൂട്ടിക്കുഴച്ച് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. പി.എം. ശ്രീ വിഷയത്തിൽ തുടക്കം മുതൽ സർക്കാരും ഒളിച്ചുകളി സമീപനമാണ് സ്വീകരിക്കുന്നത്. മുൻപ് എൽ.ഡി.എഫ് സർക്കാർ തന്നെ മരവിപ്പിച്ച പദ്ധതിയുമായി മുന്നോട്ടുപോകാൻ ഒരു കാരണവശാലും അനുവദിക്കില്ല. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് പൂർണ്ണമായും പിന്മാറണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാമും സെക്രട്ടറി എ അധിനും വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam