പാലാ നഗരസഭയിൽ നാളെ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്. സ്ഥാനാർത്ഥി ആരെന്നതിൽ യുഡിഎഫ് വിമതർക്കിടയിൽ തർക്കം തുടരുന്നു. ധാരണയായില്ലെങ്കിൽ സ്ഥാനം ഏറ്റെടുക്കുമെന്ന് വിമതരെ പിന്തുണയ്ക്കുന്ന എല്‍ഡിഎഫ്.

കോട്ടയം: പാലാ നഗരസഭയിൽ നാളെ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർത്ഥിയിൽ തീരുമാനമായില്ല. വൈസ് ചെയർമാൻ സ്ഥാനത്തിനായി യുഡിഎഫ് വിമതർക്കിടയിൽ തമ്മിലടിയാണ്. കൗൺസിലർമാരായ ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ എന്നിവർ തമ്മിലാണ് തർക്കം. അതേസമയം, തർക്കം പരിഹരിച്ചില്ലെങ്കിൽ വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്ന് എല്‍ഡിഎഫ് മുന്നറിയിപ്പ് നൽകി. യുഡിഎഫും വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നുണ്ട്.

പാലാ നഗരസഭയിൽ യുഡിഎഫ് വിമതർക്കാണ് എല്‍ഡിഎഫിന്‍റെ പിന്തുണ. നേരത്തെ ദിയ ബിനു പുളിക്കകണ്ടത്തെ പുറത്താക്കി ചെയർപേഴ്സണായി മായ രാഹുലിനെ തെരഞ്ഞെടുത്തിരുന്നു. എൽഡിഎഫും കോൺഗ്രസ് വിമതരും ഒന്നിച്ചതോടെ 26 കൗൺസിലർമാരിൽ 16 വോട്ടും മായയ്ക്കാണ് ലഭിച്ചത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്. എന്നാല്‍, വൈസ് ചെയർമാൻ സ്ഥാനത്തിനായുള്ള തുടരുന്നതിനിടെ കടുത്ത നിലപാടുമായി എല്‍ഡിഎഫ് രംഗത്തെത്തി. അതിവേഗം തർക്കം അവസാനിപ്പിച്ച് സ്ഥാനാർത്ഥിയെ തീരുമാനിച്ചില്ലെങ്കിൽ വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്നാണ് എൽഡിഎഫിന്റെ മുന്നറിയിപ്പ്. ഇന്ന് എല്‍ഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരും.