
തിരുവനന്തപുരം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ അപ്രതീക്ഷിത മരണത്തിൽ അനുശോചിച്ച് നിയസഭ. നിയമസഭ സമ്മേളനത്തിനിടെ വിമാന അപകടത്തിൽ അജിത് പവാര്‍ മരിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ നിയമസഭ സമ്മേളനം നിര്‍ത്തിവെച്ച് അംഗങ്ങള്‍ മൗനം ആചരിച്ചു. അവിശ്വസനീയ ദുരന്ത വാര്‍ത്തയാണെന്ന് എൻസിപി ദേശീയ പ്രവര്‍ത്തക സമിതി അംഗമായ വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഞെട്ടിക്കുന്ന വാര്‍ത്തയാണെന്നും സഹോദരനെ നഷ്ടപ്പെട്ട ദുഖമാണ് തനിക്കെന്നും അജിത് പവാറിന്‍റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.
ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര് സഞ്ചരിച്ച സ്വകാര്യ വിമാനം തകര്‍ന്ന് വീണത്. അപകടത്തിൽ അജിത് പവാറടക്കം അഞ്ചുപേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനും സഹായിയും പൈലറ്റും മറ്റൊരു ജീവനക്കാരനുമാണ് മരിച്ചത്. വിമാനം പൂര്‍ണമായും കത്തി നശിച്ചു. അപകടത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാരാമതിയിൽ പൊതുപരിപാടികളിൽ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപകടം. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനം താഴെയെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് കത്തിയമരുകയായിരുന്നു. അരമണിക്കൂറിനുശേഷമാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതെന്നും നാട്ടുകാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബാരാമതിയിലേക്ക് പുറപ്പെട്ടു. ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുലേ എംപിയും ദില്ലിയിൽ നിന്ന് ബാരാമതിയിലേക്ക് പുറപ്പെട്ടു.അജിത് പവാറിന്‍റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കഠിനാധ്വാനിയായ നേതാവായിരുന്നുവെന്നും അപകട വിവരം ഞെട്ടിച്ചുവെന്നും മോദി എക്സിൽ കുറിച്ചു. അജിത് പവാറിന്‍റെ വിയോഗം നികത്താൻ ആകാത്ത നഷ്ടമാണെന്ന് രാഷ്ട്രപതി അനുശോചിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam