'വെറുപ്പിന്‍റെ രാഷ്ട്രീയത്തിലൂടെ അധികാരം നിലനിർത്താനാണ് മോദിയുടെ ശ്രമം; വർഗീയ ശക്തികളെ കോൺഗ്രസ് പുറത്താക്കും'

By Web TeamFirst Published Jan 30, 2023, 9:59 PM IST
Highlights

വെറുപ്പിനും വിദ്വേഷത്തിനും എതിരെ പൊരുതിയത് കൊണ്ടാണ് മതഭ്രാന്തന്‍ ഗാന്ധിജിയെ വെടിവെച്ച് കൊന്നതെന്നും എ കെ ആന്‍റണി ചൂണ്ടികാട്ടി

തിരുവനന്തപുരം: വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയം വളര്‍ത്തി അധികാരം നിലനിര്‍ത്താനാണ് മോദി ഭരണകൂടം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണി. വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്നും കോണ്‍ഗ്രസ് പുറത്താക്കുമെന്നും മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി കെ പി സി സിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ആന്‍റണി പറഞ്ഞു. വര്‍ഗീയ ശക്തികളെ ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ നിന്നും തൂത്തെറിയാനുള്ള രണ്ടാംഘട്ടത്തിന്‍റെ തുടക്കം കൂടിയാണ് ഭാരത് ജോഡോ യാത്രയുടെ സമാപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെറുപ്പിനും വിദ്വേഷത്തിനും എതിരെ പൊരുതിയത് കൊണ്ടാണ് മതഭ്രാന്തന്‍ ഗാന്ധിജിയെ വെടിവെച്ച് കൊന്നതെന്നും എ കെ ആന്‍റണി ചൂണ്ടികാട്ടി.

'ഗാന്ധി കൊല ചെയ്യപ്പെട്ടു എന്നത് മരണപ്പെട്ടു എന്ന് പഠിപ്പിക്കുന്ന അവസ്ഥ'; ഓർമ്മപ്പെടുത്തലുമായി മുഖ്യമന്ത്രി

ആന്‍റണിയുടെ വാക്കുകൾ

രാജ്യത്തിന്‍റെ ഐക്യവും ബഹുസ്വരതയും അഖണ്ഡതയും സംരക്ഷിക്കുന്നതിനാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത്. ജാതി, മതം, വര്‍ഗ്ഗം, വര്‍ണ്ണം എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി സ്നേഹത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും സന്ദേശം പകര്‍ന്ന് അവരില്‍  ഒരാളായാണ് അദ്ദേഹം ഇന്ത്യയെ കണ്ടെത്താനുള്ള ദൗത്യത്തിന്‍റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്. വര്‍ഗീയ ശക്തികളെ ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ നിന്നും തൂത്തെറിയാനുള്ള രണ്ടാംഘട്ടത്തിന്‍റെ തുടക്കം കൂടിയാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം. അത് പൂര്‍ത്തിയാക്കുമ്പോഴാണ് നമ്മുടെ ലക്ഷ്യം പൂര്‍ണ്ണമായി വിജയിക്കുന്നത്. വിവിധ ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്നും അകന്ന് പോയവരെയും മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാത്തവരെയും ഒപ്പം നിര്‍ത്തണം. വിശാല ജനാധിപത്യ ഐക്യത്തിനാണ് ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസ് ശ്രമിച്ചത്. ഭാരത് ജോഡോ യാത്രയില്‍ നിന്നും അകലം പാലിച്ചവര്‍ ഭാവിയില്‍ ഒപ്പം ചേരുമെന്നാണ് പ്രതീക്ഷ. അഹിംസാ മാര്‍ഗത്തിലൂടെ ബ്രട്ടീഷുകാരുടെ അടിമത്വത്തില്‍ നിന്നും മോചനം നേടിത്തന്ന മഹാത്മാഗാന്ധിയുടെ ഓര്‍മ്മകള്‍ ആവേശം പകരുന്നതാണ്. വെറുപ്പിനും വിദ്വേഷത്തിനും എതിരെ പൊരുതിയത് കൊണ്ടാണ് മതഭ്രാന്തന്‍ ഗാന്ധിജിയെ വെടിവെച്ച് കൊന്നതെന്നും എ കെ ആന്‍റണി പറഞ്ഞു.

click me!