
ദില്ലി: കൊവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മദ്യവ്യാപാരം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് എകെ ആൻ്റണി ആവശ്യപ്പെട്ടു. താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കിയ ചാരായനിരോധനത്തിൻ്റെ തിക്തഫലം ഓർത്താണ് മദ്യനിരോധനം നടപ്പാക്കാത്തതെന്ന എക്സൈസ് മന്ത്രിയുടെ അഭിപ്രായപ്രകടനം തീർത്തും വിചിത്രവും നിർഭാഗ്യകരവുമാണെന്നും ആൻ്റണി അഭിപ്രായപ്പെട്ടു.
ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായിട്ടും ലക്ഷക്കണക്കിന് ജീവനക്കാരുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതായിട്ടും രാജ്യത്തെ എല്ലാ മേഖലകളും അടച്ചിടാന്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകളും സ്വകാര്യസംരഭകരും തയ്യാറായിട്ടുണ്ട്. അതുപോലെ ബാറുകളും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളും അടച്ചിടാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് ആന്റണി ആവശ്യപ്പെട്ടു.
എന്നാല്‍ ഇതിന് തയ്യറാകാത്തിന് കാരണമായി സംസ്ഥാന എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ ന്യായം ചാരായ നിരോധനത്തിന്റെ തിക്ത ഫലങ്ങളാണെന്നാണ്. തികച്ചും നിര്‍ഭാഗ്യകരവും വിചിത്രവുമാണ് ഈ വാദം. ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ചാരായ നിരോധനം ഏര്‍പ്പെടുത്തിയത്. ലക്ഷോപലക്ഷം ജനങ്ങളുടെ, പ്രത്യേകിച്ചും വനിതകളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ചാരായം നിരോധിച്ചത്. ചാരായ നിരോധിച്ചതിന് ശേഷം കേരളത്തിലെ വീടുകളിലുണ്ടായ സമാധാനത്തിന്റെ അന്തരീക്ഷം മറ്റെല്ലാവരെക്കാളും നന്നായി അറിയുന്നത് വീട്ടമ്മമാര്‍ക്കാണ് - ആൻ്റണി പ്രസ്തവാനയിലൂടെ ചൂണ്ടിക്കാട്ടി.
1996-ലെ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ചാരായ നിരോധനം പിന്‍വലിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചാരായ നിരോധനം പിന്‍വലിച്ചില്ല. സ്ത്രീകളില്‍ നിന്നുണ്ടാകാവുന്ന ശക്തമായ എതിര്‍പ്പിനെ ഭയന്നാണ് അഞ്ച് വര്‍ഷം ഭരിച്ചിട്ടും അവര്‍ പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കാന്‍ തയ്യാറാകാതിരുന്നത്.
ചാരയ നിരോധനം തെറ്റായിരുന്നെങ്കില്‍ പിന്നീട് വന്ന രണ്ട് ഇതടുപക്ഷ സര്‍ക്കാരുകള്‍ക്ക് അത് പിന്‍വലിക്കാമായിരുന്നു. അതുണ്ടായില്ല. സത്യം ഇതായിരിക്കെ എക്‌സൈസ് മന്ത്രി ബാറുകളും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളും തുറന്നുവയ്ക്കാന്‍ പറയുന്ന ന്യായം ചാരയനിരോധനമാണെന്നതാണ്. ഇത് തികച്ചും നിര്‍ഭാഗ്യകരമാണ്.-ആന്റണി അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam