
തിരുവനന്തപുരം : വീണ്ടും അധികാരം കിട്ടിയാൽ ബിജെപി ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി. ഡോ. ബിആർ അംബേദ്ക്കർ തയ്യാറാക്കിയ ഭരണഘടന മാറ്റാനുള്ള തയ്യാറെടുപ്പുകൾ അണിയറയിൽ നടക്കുന്നുണ്ട്. ഇന്ത്യാമുന്നണിക്ക് സാധ്യതയുളള കാലമാണ്. ബിജെപിക്കുള്ള പിന്തുണ കുറയുകയാണെന്നും അതിന്റെ സൂചനകൾ നരേന്ദ്രമോദിയുടെ ശരീരഭാഷയിൽ നിന്ന് മനസിലാക്കാമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'ഇന്ത്യാമുന്നണിയുടെ സാധ്യത വർധിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപിയുടെ സാധ്യത കുറഞ്ഞ് കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അത് വ്യക്തമാകും. നിരാശ ബാധിച്ചിട്ടുണ്ടെന്ന് ശരീര ഭാഷയിൽ നിന്നും വ്യക്തമാണ്.
മൂന്നാമതൊരിക്കൽ കൂടി ആർഎസ് എസ് പിന്നിൽ നിന്നും ചരട് വലിക്കുന്ന ഒരു ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഇന്ത്യ അതോടെ അസ്തമിക്കും. അത് ഇന്നത്തെ ഇന്ത്യയുടെ മരണമണിയാകും. ഇപ്പോൾ തന്നെ ഭരണഘടന മാറ്റാനുളള ചർച്ചകൾ നടക്കുന്നുണ്ട്. കോൺഗ്രസ് മേൽനോട്ടത്തിൽ ഡോ. ബി ആർ അംബേദ്ക്കർ തയ്യാറാക്കിയ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങൾ അവർ പൊളിച്ചെഴുതും. അതോടുകൂടി ഇന്ത്യ ഇന്ത്യയല്ലാതായി മാറുമെന്നും എകെ ആന്റണി പറഞ്ഞു.
എ.കെ.ആന്റണിയുമായി, ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി.ജോൺ നടത്തിയ അഭിമുഖം "നേതാവ് നിലപാട്" ഇന്ന് രാവിലെ 9.30 ന് കാണാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam