
തിരുവനന്തപുരം: പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ രാജിയില്ലെന്ന് വ്യക്തമാക്കി എൻസിപി നേതാവും വനം മന്ത്രിയുമായ എ കെ ശശീന്ദ്രൻ. രാജിവയ്‍ക്കേണ്ട സാഹചര്യമില്ലെന്ന് പ്രതികരിച്ച ശശീന്ദ്രന്‍, പാർട്ടി പ്രശ്നത്തിലാണ് ഇടപെട്ടതെന്നുള്ള തന്‍റെ വാദം വീണ്ടും ആവർത്തിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. അതേസമയം, എകെജി സെന്‍ററിൽ സിപിഎം ആലോചന തുടരുകയാണ്.
പറയാനുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിശദീകരണം മുഖ്യമന്ത്രി ശ്രദ്ധാപൂര്‍വം കേട്ടു. വിശദീകരണം ബോധ്യപ്പെട്ടോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. അങ്ങോട്ട് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും സഭാ സമ്മേളനത്തിന് മുമ്പ് ചില കാര്യങ്ങള്‍ പറയാനുണ്ടായിരുന്നുവെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെ കോഴിക്കോട് നിന്ന് തലസ്ഥാനത്ത് എത്തിയ മന്ത്രി ക്ലിഫ് ഹൗസിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. ഇന്നലെ ഇരുവരും ഫോണിലൂടെ സംസാരിച്ചിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് രണ്ട് മാസം തികയും മുൻപേയുണ്ടായ വിവാദത്തിൽ ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം തെറിക്കുമോ എന്ന ചർച്ച തുടരുന്നതിനിടെയാണ് ഇരുവരുടേയും കൂടിക്കാഴ്ചയെന്നുള്ളതാണ് ശ്രദ്ധേയം.
സ്ത്രീസുരക്ഷ വലിയ ചർച്ചയാകുകയും സ്ത്രീകളിൽ നിന്ന് പരാതി വീട്ടിലെത്തി സ്വീകരിക്കാൻ പുതിയ പദ്ധതിയുമൊക്കെ പ്രഖ്യാപിച്ച് സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് പീഡന പരാതി നല്ല നിലയിൽ തീർക്കണമെന്ന മന്ത്രി എ കെ ശശീന്ദ്രന്‍റെ ഫോൺ സംഭാഷണം പുറത്താകുന്നത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നം തീർക്കാനുള്ള ഇടപെടൽ എന്നാണ് മന്ത്രിയുടെ പ്രതിരോധം. എന്നാൽ പൊലീസ് കേസെടുക്കാൻ പോലും തയ്യാറാകുന്നില്ലെന്ന പരാതി ഉയർന്ന സംഭവത്തിലാണ് തീർപ്പാക്കാനുള്ള മന്ത്രിയുടെ ഇടപെടൽ എന്നത് സ്ഥിതി ഗുരുതരമാക്കുന്നു. നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെ പ്രതിപക്ഷം രാജി ആവശ്യവുമായി മുന്നോട്ട് പോവുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona