കോട്ടയം: മാണി സി കാപ്പൻ പാലായിൽ ജയിക്കുമെന്നുറപ്പിച്ചതോടെ, എൻസിപിയുടെ മന്ത്രിസ്ഥാനം വച്ചുമാറേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി മന്ത്രി എ കെ ശശീന്ദ്രൻ. ഏറെക്കാലത്തിന് ശേഷം എൻസിപിയ്ക്ക് മൂന്നാമതൊരു എംഎൽഎയെ കിട്ടിയത് ചിട്ടയായ പ്രവർത്തനത്തിലൂടെയാണ്. ബിജെപിയുടെ വോട്ട് എൽഡിഎഫ് വാങ്ങിയെന്ന ആരോപണം കഴമ്പില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
'കള്ളൻ കപ്പലിൽ തന്നെ' എന്ന ജോസ് ടോമിന്‍റെ പ്രതികരണത്തിൽ എല്ലാമുണ്ട്. യുഡിഎഫിന് വോട്ട് കുറഞ്ഞതിൽ പഴിചാരേണ്ടത് അവരെത്തന്നെയാണെന്നും ശശീന്ദ്രൻ ആരോപിച്ചു.
കെ എം മാണിയെ പോലുള്ളൊരു അതികായന്‍റെ നിര്യാണത്തിന് ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ആ മുന്നണിയെയും സ്ഥാനാർത്ഥിയെയും പരാജയപ്പെടുത്തി എൽഡിഎഫ് സ്ഥാനാർത്ഥി ജയിച്ചെങ്കിൽ അത് അട്ടിമറി വിജയം തന്നെയാണെന്ന് ശശീന്ദ്രൻ.
കാലാകാലങ്ങളായി എൽഡിഎഫിനെ തോൽപ്പിച്ചുകൊണ്ടിരിക്കുന്ന മണ്ഡലത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി മുന്നിൽ നിൽക്കുന്നതെന്നും ശശീന്ദ്രൻ വ്യക്തമാക്കി. വോട്ടെണ്ണൽ അഞ്ചാം റൗണ്ടിൽ കടന്നിട്ടും ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പൻ ലീഡ് നിലനിർത്തുകയാണ്.
ആദ്യ റൗണ്ടിൽ യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്ത് ലീഡ് പിടിച്ചു കൊണ്ട് മുന്നേറ്റം ആരംഭിച്ച മാണി സി കാപ്പന്‍ വ്യക്തമായ ലീഡ് മറ്റു പഞ്ചായത്തുകളിലും നിലനിര്‍ത്തി. 565 വോട്ടുകളുടെ ലീഡാണ് രാമപുരത്ത് കാപ്പൻ നേടിയത്. രണ്ടാം റൗണ്ട് കഴിഞ്ഞപ്പോൾ 751 വോട്ടുകളുടെ ലീഡ്. മൂന്നാം റൗണ്ടിൽ കടനാട് എണ്ണി ക്കഴിഞ്ഞപ്പോൾ 1570 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു മാണി സി കാപ്പന്. മേലുകാവിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ കാപ്പന് 2181 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി.
Read More: യുഡിഎഫ് ശക്തികേന്ദ്രത്തിൽ, ബിജെപി സ്വാധീനമേഖലയിൽ മാണി സി കാപ്പൻ മുന്നിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam