
കോട്ടയം: പാലാ നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള രാമപുരം പഞ്ചായത്തില്‍ എല്‍ഡിഎഫ് ലീഡ് പിടിച്ചത് യുഡിഎഫ് ക്യാംപിനെ ഞെട്ടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് കുറഞ്ഞത് 1500 വോട്ടുകളുടെ ലീഡെങ്കിലും കിട്ടുമെന്ന വിചാരിച്ച സ്ഥലത്താണ് അദ്ദേഹം 750 വോട്ടുകള്‍ക്ക് പിറകേ പോയത്.
ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നായിരുന്നു എല്‍ഡിഎഫ് ലീഡ് പിടിച്ചതിനെക്കുറിച്ച് പിജെ ജോസഫിന്‍റെ പ്രതികരണം. ജോസ് കെ മാണി വിഭാഗത്തിന്‍റെ വോട്ടുകള്‍ അപ്പുറത്തേക്ക് മറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റേയും കേരള കോണ്‍ഗ്രസിന്‍റേയും ശക്തികേന്ദ്രമായി വിലയിരുത്തപ്പെടുന്ന പാലായില്‍ ജോസഫ് വിഭാഗത്തിനും ശക്തമായ സാന്നിധ്യമുണ്ട്.
അതേസമയം രാമപുരത്ത് കെഎം മാണിക്ക് കഴിഞ്ഞ തവണ 159 വോട്ടുകളുടെ ലീഡാണ് ലഭിച്ചതെന്നും ആ നിലയില്‍ നോക്കുമ്പോള്‍ വോട്ട് കുറഞ്ഞതില്‍ അത്ഭുതമില്ലെന്നുമായിരുന്നു യുഡിഎഫ് ജോസ് ടോമിന്‍റെ പ്രതികരണം.
ആദ്യലീഡ് നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടെണ്ണി തുടങ്ങുന്നതോടെ ചിത്രം മാറുമെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറഞ്ഞു. രാമപുരത്ത് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം എംപി തോമസ് ചാഴിക്കാടന്‍ പറഞ്ഞു. മാണി സി കാപ്പന്‍റെ ലീഡ് കൂടിയതോടെ പാലായിലെ കെഎം മാണിയുടെ വീട്ടില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം തത്സമയം ഫലപ്രഖ്യാപനം കാണുകയായിരുന്ന ജോസ് ടോം അടച്ചിട്ട് മുറിയില്‍ നേതാക്കള്‍ക്കൊപ്പം ചര്‍ച്ച നടത്തുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam