
കണ്ണൂർ : സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ പ്രവർത്തകയുടെ പരാതിയിൽ, ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് പിടിയിലായത്. ഒളിവിൽ പോയ ആകാശ് തില്ലങ്കേരിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
മന്ത്രി എംബി രാജേഷിന്റെ ഡ്രൈവറുടെ ഭാര്യയും ഡിവൈഎഫ്ഐ പ്രവർത്തകയുമായ ശ്രീലക്ഷ്മി അനൂപിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിലാണ് ആകാശ്. വീട്ടിൽ പരിശോധന നടത്തിയെന്നും ഫോൺ സ്വിച്ച്ഡ് ഓഫാണെന്നുമാണെന്നും ആൾ തടിതപ്പിയെന്നുമാണ് വിശദീകരണം. എന്നാൽ ആകാശ് ഫേസ്ബുക്കിൽ സജീവമാണ്. പരാതി നൽകിയ ശ്രീലക്ഷ്മിക്കെതിരെ ആകാശും കൂട്ടാളികളും സൈബറാക്രമണം തുടരുകയാണ്. താൻ ഉൾപെട്ട രണ്ട് രാഷ്ട്രീയ കൊലപാതക കേസുകൾ ചൂണ്ടിക്കാട്ടിയും ഇപ്പോൾ ഒറ്റുകാരനാക്കുന്നത് അംഗീകരിക്കില്ലെന്ന് ആവർത്തിക്കുന്ന ആകാശിന്റെ നീക്കത്തിൽ നേതൃത്വത്തിന് ആശങ്കയുണ്ട്.
'ആകാശ് തില്ലങ്കേരി ക്വട്ടേഷൻ രാജാവ്; ഷുഹൈബ് വധത്തിൽ സിപിഎമ്മിന് പങ്കില്ല': എംവി ജയരാജൻ
ആകാശിനോട് സൈബറിടത്തിൽ മല്ലയുദ്ധം നടത്തി പാർട്ടിയെ നാറ്റിക്കാൻ നിൽക്കണ്ട എന്നാണ് എന്നാണ് പ്രാദേശിക നേതാക്കൾക്കും ഡിവൈഎഫ്ഐ പ്രവർത്തകർക്കും സിപിഎം നൽകിയ നിർദ്ദേശം. പകരം പഴയ കേസുകളൊക്കെ പൊടിതട്ടിയെടുത്ത് കാപ്പാ ചുമത്തി ആകാശിനെ അഴിക്കുള്ളിലാക്കാൻ പൊലീസിൽ സമ്മർദ്ദം ചെലുത്തും. ആ ക്രിമിനലിനെ കൈകാര്യം ചെയ്യാനറിയാമെന്നാണ് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചത്.
റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട് ഇപി ജയരാജൻ, പി ജയരാജൻ പോര് സജീവമായതിന് പിന്നാലെ ഉയർന്ന ഈ ക്വട്ടേഷൻ വാദത്തിൽ രാഷ്ട്രീയം വായിക്കുന്നവരുമുണ്ട്. ആകാശിനെ എതിർക്കുന്ന തില്ലങ്കേരിയിലേയും മട്ടന്നൂരിലെയും യുവ നേതാക്കളെല്ലാം ഇപിയുമായി അടുപ്പം പുലർത്തുന്നവരാണെന്നതാണ് കാരണം.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി: ആകാശ് തില്ലങ്കേരിക്കെതിരെ പൊലീസ് കേസെടുത്തു