Asianet News MalayalamAsianet News Malayalam

'ആകാശ് തില്ലങ്കേരി ക്വട്ടേഷൻ രാജാവ്; ഷുഹൈബ് വധത്തിൽ സിപിഎമ്മിന് പങ്കില്ല': എംവി ജയരാജൻ

ഈ കേസിൽ ഒരു അന്വേഷണത്തെയും പാർട്ടി ഭയക്കുന്നില്ല. യഥാർത്ഥ പ്രതികളാണ് പൊലീസ് പിടിയിലായത്. മാലിന്യ നിക്ഷേപ കേന്ദ്രമായി ആകാശ് തില്ലങ്കേരി മാറിയെന്നും ജയരാജൻ പരിഹസിച്ചു. 

akash thillankeri the quotation king, cpm have no relation in shuhaib murder case says mv jayarajan apn
Author
First Published Feb 15, 2023, 8:13 PM IST

കണ്ണൂർ : യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബിന്റെ വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി നടത്തുന്നത്  മാപ്പ് സാക്ഷിയാകാനുളള ശ്രമമാണെന്ന് എംവി ജയരാജൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഈ കേസിൽ ഒരു അന്വേഷണത്തെയും പാർട്ടി ഭയക്കുന്നില്ല. യഥാർത്ഥ പ്രതികളാണ് പൊലീസ് പിടിയിലായത്. മാലിന്യ നിക്ഷേപ കേന്ദ്രമായി ആകാശ് തില്ലങ്കേരി മാറിയെന്നും ജയരാജൻ പരിഹസിച്ചു. 

ക്വട്ടേഷൻ രാജാവാണ് ആകാശ്. താൻ ക്വട്ടേഷൻ നടത്തിയെന്നും കൊല നടത്തിയെന്നും ആകാശ് തന്നെ പറയുന്നു. ഏത് നേതാവാണ് കൊല നടത്താൻ ആവശ്യപ്പെട്ടത് എന്ന് ആകാശ് പറയട്ടേ. ആകാശിനെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. ആകാശ് തില്ലങ്കേരിയടക്കം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കണം. കാപ്പ ചുമത്തണമെങ്കിൽ അതും വേണം. ഒരു ക്വട്ടേഷൻ സംഘത്തിനും പാർട്ടിയുടെ സഹായം കിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. 

'പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തി, ചെയ്യിച്ചത് എടയന്നൂരിലെ നേതാക്കൾ'; വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി

സിപിഎമ്മിനെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തലാണ് ആകാശ് തില്ലങ്കേരി ഇന്ന് നടത്തിയത്. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്നായിരുന്നു ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തിയത്.  എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നും ആകാശ് തുറന്നടിച്ചു. 

കൊലപാതകം ചെയ്യാൻ ആഹ്വാന നടത്തിയ നേതാക്കൾക്ക് പാർട്ടി സഹകരണസ്ഥാപനങ്ങളിൽ ജോലി നൽകുകയും കൊലപാതകം ചെയ്ത തങ്ങളെ വഴിയാധാരമാക്കിയെന്നും ആകാശ് തില്ലങ്കേരി പറയുന്നു. ആകാശിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഡിവൈഎഫ്ഐ നേതാവിട്ട ഫേസ്ബുക്ക് പോസ്റ്റിന് കമന്റായാണ് വിവാദ വെളിപ്പെടുത്തൽ. 

കള്ളക്കടത്ത് സ്വർണ്ണം  തട്ടിയെടുക്കുന്ന ക്വട്ടേഷൻ തലവനായ ആകാശ് തില്ലങ്കേരിയെ വിമർശിച്ച് ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഇതിന് കമന്റായാണ് എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കേസിലെ ഒന്നാം പ്രതികൂടിയായ ആകാശിന്റെ ഗുരുതര വെളിപ്പെടുത്തൽ. എന്റെ ധൈര്യം എടനയന്നൂർ കാർ നേരത്തെ കണ്ടതാണ്. ഇതിനൊക്കെ ആഹ്വാനം ചെയ്യുന്ന സിപിഎം നേതാക്കൾക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. ആഹ്വാനം നടപ്പിലാക്കിയ ഞങ്ങളെ പടിയടച്ച് പിണ്ഡം വച്ചു. പട്ടിണി ആയതോടെയാണ് സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. ക്വട്ടേഷന്റെ പങ്കുപറ്റിയ നേതാക്കളെകുറിച്ചും  വേണമെങ്കിൽ പറയാം. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോഴത്തെ പ്രതികരണമെന്നും എല്ലാം തുറന്നുപറഞ്ഞാൽ നേതാക്കൾക്ക് വഴിയിലിറങ്ങി നടക്കാനാകില്ലെന്നുമാണ് ആകാശിന്റെ മുന്നറിയിപ്പ്. ഇതോടെ സരീഷ് പൂമരം ആകാശിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി.  
 

 

Latest Videos
Follow Us:
Download App:
  • android
  • ios