
തിരുവനന്തപുരം: ആകാശ് തില്ലങ്കേരിയുടെ എഫ് ബി പോസ്റ്റിലൂടെയുള്ള വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഷുഹൈബ് രക്തസാക്ഷിത്വത്തിന്‍റെ നാലാം വാർഷികം നാടെങ്ങുമാചരിക്കുന്ന വേളയിലാണ് ഈ കൊലപാതകത്തിന്‍റെ പിന്നാമ്പുറങ്ങളിലെ രഹസ്യങ്ങൾ മറനീക്കി പുറത്തുവരുന്നത്. കൊന്നവരും, കൊല്ലിച്ചവരും വഴിപിരിയുന്ന സമയത്തും ഒരു കുടുംബത്തിന്റെ തോരാത്ത കണ്ണീരിനു പരിഹാരമുണ്ടായിട്ടില്ല. മകനെയോർത്ത് തേങ്ങുന്ന മാതാപിതാക്കളും കുഞ്ഞനുജത്തിമാരും നീതി തേടി അലയുകയാണ്. കൊലപാതകത്തിന് മുമ്പ് കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ വന്നതോടെ നിലനിൽപ്പിനായി സ്വയം സംഘടിക്കുന്ന ക്വൊട്ടേഷൻ സംഘങ്ങൾ തുടർച്ചയായി അഴിഞ്ഞാടുന്നതിന്‍റെ ഉത്തരവാദിത്തം സി.പി.എം നേതൃത്വത്തിനാണ്.
ക്വട്ടേഷൻ സംഘങ്ങളെ ഉൽപാദിപ്പിക്കുന്ന കമ്പനിയായി സി.പി.എം. മാറിക്കഴിഞ്ഞു. കൃത്യം ചെയ്തവർ കുറ്റം ഏറ്റുപറഞ്ഞ സാഹചര്യത്തിൽ കൊലയ്ക്ക് പ്രേരണ നൽകിയവരെ നിയമത്തിനു മുന്നിലെത്തിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. പാർട്ടി സഖാക്കൾക്ക് അഴിമതി നടത്താനും വൻ വെട്ടിപ്പു നടത്താനും മാത്രമല്ല കൊലക്കേസ് പ്രതികൾക്ക് ജോലി നൽകി സുരക്ഷയ്ക്കുള്ള താവളമായും സഹകരണബാങ്കുകളെ സി.പി.എം മാറ്റുന്നു. ഇതിന്‍റെയൊക്കെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഗുഢസംഘത്തെ പൊതു സമൂഹത്തിനുമുന്നിൽ തുറന്നു കാട്ടണം. അതിനു വേണ്ടത് നിയമനടപടിയാണ്. അങ്ങനെ സത്യസന്ധമായ ഒരു അന്വേഷണത്തിലൂടെ യഥാർത്ഥ്യം പുറത്തുകൊണ്ടുവരണമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സിപിഎം നേരിട്ട് നടത്തിയ കൊലപാതമാണ് ഷുഹൈബിന്‍റേതെന്ന് അന്നും ഇന്നും എന്നും പറഞ്ഞിട്ടുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. അതിന് ആകാശ് തില്ലെങ്കരിയുടെ വെളുപ്പെടുത്താൽ വേണ്ട. പിണറായി ഉൾപ്പെടെ അറിയാതെ ഒരു കൊലപാതകവും കണ്ണൂരിൽ നടന്നിട്ടില്ല.ആകാശ് ആ കണ്ണിയിലെ അവസാനത്തെ ആളാണെന്നും ഹസ്സന്‍ പ്രതികരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam