ജിതിൻ സാധാരണക്കാരനെന്ന് പ്രതിഭാ​ഗം, വ്യാപ്തിയുള്ള കുറ്റകൃത്യമെന്ന് പ്രോസിക്യൂഷൻ; ജാമ്യഹർജിയിൽ വിധി ഇന്ന്

By Web TeamFirst Published Sep 29, 2022, 12:38 AM IST
Highlights

ജിതിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയിട്ടും തെളിവുകളൊന്നും ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം.

തിരുവനന്തപുരം: എകെജി സെന്റർ ആക്രണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. മുമ്പും കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ജിതിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയിട്ടും തെളിവുകളൊന്നും ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ജാമ്യം നൽകണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

വിശദമായ വാദത്തിന് ശേഷമാണ് ജാമ്യ ഹർജി ഇന്ന് ഉത്തരവ് പറയാനായി മാറ്റിയത്. അതേസമയം, പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി സെന്‍ററിന് നേരെ എറിഞ്ഞതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത്തരം ചെറിയൊരു സ്ഫോടനത്തിൽ നിന്നാണ് പുറ്റിങ്ങലിൽ നൂറുകണക്കിന് പേരുടെ ജീവൻ നഷ്ടമായ ദുരന്തം സംഭവിച്ചത്. അത്തരം വ്യാപ്തിയുള്ള കൃത്യമാണ് ജിതിൻ ചെയ്തെന്നും അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

എന്നാല്‍, സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഒരു ഡ്രൈവർ മാത്രമായ ജിതിൻ എങ്ങനെ ഭരണ കക്ഷിയിലെ പ്രധാന പാർട്ടി നൽകിയ പരാതിയിലെ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പ്രതിഭാഗം ചോദിച്ചത്. 180 സിസിടിവി പരിശോധിച്ചിട്ടും പൊലീസ് എന്തുകൊണ്ട് പ്രതിയുടെ മുഖം തിരിച്ചറിഞ്ഞില്ലന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.

അതേസമയം, എകെജി സെന്‍റർ ആക്രമണക്കുമ്പോള്‍ പ്രതിയായ ജിതിൻ ധരിച്ചിരുന്ന ടീ ഷർട്ട് വേളിക്കായലിൽ ഉപേക്ഷിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അക്രമണ സമയത്ത് ജിതിൻ ഉപയോഗിച്ച ടീഷർട്ട്, ഷൂസ്, സ്കൂട്ടർ എന്നിവ കണ്ടെത്തുന്നതിന് വേണ്ടിയാണ് പൊലീസ് ജിതിനെ കസ്റ്റഡിയിൽ വാങ്ങിയിരുന്നത്. പ്രതി കുറ്റം സമ്മതിച്ച സ്ഥലത്ത് നിന്നും ഷൂസ് കണ്ടെത്തിയെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. എവിടെ നിന്നാണ് തൊണ്ടി കണ്ടെത്തിയതെന്ന് വ്യക്തമാക്കുന്നതില്ല. മറ്റൊരു പ്രധാന തെളിവായ ടീഷർട്ട് വേളിക്കായലിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. 

click me!