എകെജി സെന്റർ ആക്രമണ കേസ് : നാലാം പ്രതി നവ്യക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം 

By Web TeamFirst Published Nov 22, 2022, 5:44 PM IST
Highlights

അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിട്ടയക്കണം.

തിരുവനന്തപുരം : എകെജി സെന്റെർ ആക്രമണ കേസിലെ നാലാം പ്രതി ടി. നവ്യക്ക് ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഈ മാസം 24 നും 30 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിട്ടയക്കണം. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയാണ് നവ്യക്ക് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി ജിതിന് സ്കൂട്ടർ നൽകിയത് നവ്യയാണെന്നായിരുന്നു ക്രൈംബ്രാഞ്ച് വാദം. കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആറ്റിപ്ര വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു നവ്യ.

കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ പടക്കമേറുണ്ടായത്. സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധത്തിന് വഴിതെളിച്ച സംഭവത്തിൽ പൊലീസ് അതിവേഗം നടപടി തുടങ്ങി. രാത്രി തന്നെ ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി. സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്‍ററിലെ സിസിടിവി ദൃശ്യം മാത്രമായിരുന്നു തെളിവായുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോയത്. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതിയിലേക്ക് എത്താനായില്ല. പ്രത്യേക സംഘം അന്വേഷിച്ചിരുന്ന കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. വിവിധ മേഖലകളിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെ അറസ്റ്റ് ചെയ്തു. ജിതിന്റെ സുഹ്യത്തായ നവ്യയാണ് സ്കൂട്ടറെത്തിച്ച് നൽകിയതെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 

 'കലാപാഹ്വാനത്തിനും ഗൂഢാലോചനയ്ക്കും കേസെടുക്കണം'; ഇപിക്കും പി.കെ.ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർ‍ജി


 

click me!