
ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രൺജീത് വധക്കേസിൽ (Alappuzha Ranjith Murder Case) പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഡിജിറ്റൽ തെളിവുകൾ ഒന്നും പ്രതികൾ അവശേഷിപ്പിക്കാത്തതാണ് ഒരു തുമ്പും കിട്ടാതിരിക്കാനുള്ള പ്രധാന കാരണം. ആലപ്പുഴ ജില്ലയിൽ ഇന്നലെ രാത്രിയിലും എസ്ഡിപിഐ-ആര്‍എസ്എസ് പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, കെ എസ് ഷാൻ വധക്കേസിൽ അറസ്റ്റിലായ അഖിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിമാൻഡിലുള്ള അഞ്ച് എസ്ഡിപിഐ പ്രവർത്തകരെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും.
ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണ ചുമതല ഏറ്റെടുത്തിട്ടും ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തില്‍ കൊലയാളികളെ പിടികൂടാനാവാതെ പൊലീസ്. രണ്ട് പാര്‍ട്ടികളുടെ സംസ്ഥാന ഭാരവാഹികള്‍ വധിക്കപ്പെട്ടിട്ട് ആറാം നാളിലും കാര്യമായ അറസ്റ്റുകള്‍ ഉണ്ടായിട്ടില്ല. ഇരുവധക്കേസുകളിലും കൊലയാളികള്‍ക്ക് വാഹനം തരപ്പെടുത്തിനല്‍കിയവരാണ് അറസ്റ്റിലായ ഭൂരിഭാഗം പേരും.
ജില്ലയില്‍ കനത്ത പൊലീസ് കാവലുണ്ടെന്ന് അവകാശപ്പെട്ട ദിവസം പുലര്‍ച്ചെയാണ് ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. കൊലയാളികള്‍ പന്ത്രണ്ടംഗ സംഘമാണെന്ന് പകല്‍പോലെ വ്യക്തം. പക്ഷേ പിടികൂടാനാകുന്നില്ല. രാഷ്ട്രീയ ആക്രമണം സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുള്ള സമയത്താണ് മണ്ണഞ്ചേരിയിലെ സ്വന്തം പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ കയറി എസ്ഡിപിഐ നേതാവ് ഷാനിനെ ഒരു സംഘം റോഡിലിട്ട് വെട്ടിക്കൊന്നത്. കൊലയാളികള്‍ ആരെന്ന് സംബന്ധിച്ച് വ്യക്തമായ സൂചനയുണ്ടായിട്ടും പിടികൂടാനാകുന്നില്ല.