BJP Leader Murder : ഉള്ളുലയ്ക്കുന്ന കാഴ്ച, രഞ്ജിത് ശ്രീനിവാസന്‍റെ മൃതദേഹം സംസ്കരിച്ചു

By Web TeamFirst Published Dec 20, 2021, 7:28 PM IST
Highlights

കണ്ടു നിന്നവരുടെയെല്ലാം ഉള്ളുലയ്ക്കുന്നതായിരുന്നു ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ രഞ്ജിത് ശ്രീനിവാസന്റെ മൃതശരീരം എത്തിച്ചപ്പോൾ കണ്ട കാഴ്ചകൾ. കൊലപാതകം നേരിൽ കണ്ട കുടുംബത്തെ ആർക്കും ആശ്വസിപ്പിക്കാനായില്ല.
 

ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്‍റെ മൃതശരീരം സംസ്കരിച്ചു. ആറാട്ടുപുഴ വലിയഴീക്കലിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം.

കണ്ടു നിന്നവരുടെയെല്ലാം ഉള്ളുലയ്ക്കുന്നതായിരുന്നു ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ രഞ്ജിത് ശ്രീനിവാസന്‍റെ മൃതശരീരം എത്തിച്ചപ്പോൾ കണ്ട കാഴ്ചകൾ. ഹീനമായ കൊലപാതകം നേരിൽ കാണേണ്ടി വന്ന രഞ്ജിത്തിന്‍റെ അമ്മയെയും ഭാര്യയെയും പെൺ മക്കളെയും ആശ്വസിപ്പിക്കാനാവാതെ പാർട്ടി നേതാക്കളടക്കം വിതുമ്പി.

രാവിലെ പത്തരയോടെയാണ് രഞ്ജിത്തിന്‍റെ പോസ്റ്റ്മോർട്ടം അവസാനിച്ചത്. തുടർന്ന് ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിലായിരുന്നു ആദ്യ പൊതു ദർശനം. വെള്ളക്കിണറിലെ വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് വിലാപയാത്രയായി ആറാട്ടുപുഴ വലിയഴീക്കലിലുള്ള രഞ്ജിത്തിന്‍റെ കുടുംബ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും അന്ത്യോപചാരം അർപ്പിച്ച ശേഷം ചിതയിലേക്ക്. സഹോദരൻ അഭിജിത്ത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തി.

അതേസമയം, ബിജെപി ഉയർത്തിയ എതിർപ്പിനെ തുടർന്ന് സർവകക്ഷി സമാധാനയോഗം നാളേക്ക് മാറ്റി. രഞ്ജിത്ത് ശ്രീനിവാസന്‍റെ സംസ്കാരച്ചടങ്ങിന്‍റെ സമയത്ത് യോഗം നിശ്ചയിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. നാളത്തെ യോഗത്തിൽ മന്ത്രിമാർ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

മൃതദേഹത്തോട് ജില്ലാ ഭരണകൂടം അനാദരം കാട്ടിയെന്നായിരുന്നു ബിജെപിയുടെ വിമർശനം. കൂടിയാലോചനകൾ ഇല്ലാതെ കലക്ടർ സമയം തീരുമാനിച്ചുവെന്ന് ബിജെപി ആരോപിച്ചു. യോഗത്തിന് എത്തില്ലെന്ന് ബിജെപി നേതാക്കൾ അറിയിച്ചതോടെ മൂന്ന് മണിയിൽ നിന്ന് അഞ്ചിലേക്ക് സമയം മാറ്റി. പക്ഷെ ബിജെപി സംസ്ഥാന അധ്യക്ഷൻ എതിർപ്പ് പരസ്യമാക്കിയതോടെ ആകെ ആശയക്കുഴപ്പമായി. 

എന്നാൽ എല്ലാവരും പങ്കെടുക്കണമെന്ന് കളക്ടർ വീണ്ടും ആവശ്യപ്പെട്ടു. എന്നിട്ടും ബിജെപി വഴങ്ങാതെ വന്നതോടെയാണ് യോഗം നാളേക്ക് മാറ്റിയത്. സമയം നാളെ വൈകിട്ട് നാല് മണിയിലേക്ക് നിശ്ചയിച്ചതോടെ യോഗത്തിൽ ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രൻ അറിയിച്ചു.

click me!