
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ (Pothencode Sudheesh Murder) കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി (Murder Weapon) കണ്ടെത്തി. മുഖ്യപ്രതി ഒട്ടകം രാജേഷ് കൊലപാതകം നടത്താനുപയോഗിച്ച വെട്ടുകത്തി ചിറയിൻകീഴ് ശാസ്തട്ടത്തു നിന്നാണ് കണ്ടെത്തിയത്. രാജേഷിനെ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തു.
കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ രാജേഷിന് തിങ്കളാഴ്ച രാവിലെയാണ് പിടികൂടിയത്. കൊല്ലത്തുനിന്നാണ് പ്രതിയെ പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. രാജേഷ് ഒളിവിൽ കഴിയുന്നുവെന്ന വിവരത്തെ തുടർന്ന് അന്വേഷണത്തിനു പോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളംമുങ്ങി ഒരു പൊലീസുകാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
വധശ്രമക്കേസിലെ പ്രതിയായ സുധീഷിനെ കൊലപ്പെടുത്തി കാലുവെട്ടി റോഡിലെറിഞ്ഞ കേസിലെ മുഖ്യപ്രതിയാണ് രാജേഷ്. തിരുവനന്തപുരം റൂറലിൽ ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കുന്നിലെ മുഖ്യ ആസൂത്രകനായ രാജേഷ് ഏറ്റവും അടുപ്പക്കാരായ ഉണ്ണിക്കും ശ്യാമിനും വേണ്ടിയാണ് കൊലയാളി സംഘത്തെ കൂട്ടിയത്. സുധീഷിനെ കൊന്നതിന് ശേഷം ചിറയിൻകീഴ് ശാസ്തവട്ടത്ത് 11അംഗ സംഘം ഒത്തു ചേർന്നു. മുഖ്യപ്രതികളായ രാജേഷും, ഉണ്ണിയും ശ്യാമും ഒരുമിച്ചാണ് ഒളിവിൽപോയത്. തമിഴ്നാട്ടിൽ പല ഭാഗത്തായി ഇവർ കറങ്ങി നടന്നു. സ്വന്തം ഫോണുകള്‍ ഉപയോഗിച്ചിട്ടില്ല. മറ്റ് പലരുടെയും ഫോണിൽ നിന്നും സുഹൃത്തുക്കളെ വിളിച്ച് പണം വാങ്ങി.
തമിഴ്നാട്ടിൽ നിന്നും വെമ്പായത്തിലേക്ക് തിരിച്ചെത്തിയ ശേഷം സംഘം പിരിഞ്ഞുവെന്നാണ് രാജേഷിന്‍റെ മൊഴി. രാജേഷ് വീണ്ടും തമിഴ്നാട്ടിലേക്ക് പോയി. ഉണ്ണിയെയും ശ്യമിനെയും പൊലീസ് പിടികൂടി. പക്ഷെ രാജേഷിന്‍റെ മൊഴി പൊലീസ് പൂർണമായും വിശ്വസിക്കുന്നില്ല. ഇവർക്കൊപ്പം ചിറയിൻകീഴിലെത്തിയ രാജേഷ് വർക്കലയിലെ ഒരു തുരുത്തിലുണ്ടെന്ന് വിവരത്തെ തുടർന്നാണ് വർക്കല സിഐയും രണ്ടു പൊലീസുകാരും വള്ളത്തിൽ പോയത്. ഈ വള്ളം മുങ്ങിയാണ് ബാലുവെന്ന പൊലീസുകാരൻ മരിക്കുന്നത്. എന്നാൽ ആ തുരുത്തിൽ രാജേഷ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. പളനിയിൽ നിന്നും രാജേഷ് കൊല്ലത്തേക്ക് തിരിക്കുന്നുവെന്ന വിവരം ലഭിച്ച പൊലീസ് ഇന്നലെ രാത്രി കൊല്ലത്തു വച്ച അറസ്റ്റ് ചെയ്തുവെന്ന് പറയുന്നു,
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 11 പേർ പിടിയിലായി. ഗൂഡാലോചനയിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് -ഗുണ്ടാ കുടിപ്പകയെ തുടർന്നാണ് സുധീഷിനെ രാജേഷിന്റെയും ഉണ്ണിയുടെയും നേതൃത്വത്തിലുള്ള സംഘം വെട്ടികൊന്നത്.
കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരത്തെ പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചിരുന്നു. അന്ന് സുധീഷിന്‍റെ സംഘമെറിഞ്ഞ നാടൻ ബോംബ് ഉണ്ണിയുടെ അമ്മയുടെ ദേഹത്ത് വീണിരുന്നു. ഇതിന് പ്രതികാരം വീട്ടാനായിരുന്നു ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം സുധീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. അക്രമി സംഘം എത്തുമ്പോള്‍ സുധീഷ് കല്ലൂരിലെ വീട്ടില്‍ ഒളിവിലായിരുന്നു. ഈ വീട് അക്രമികള്‍ക്ക് കാണിച്ച് കൊടുത്തത് സുധീഷിന്‍റെ സഹോദരി ഭര്‍ത്താവ് ശ്യാമാണ്. സഹോദരി ഭര്‍ത്താവിനെ നേരത്തെ സുധീഷ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ വൈരാഗ്യമായിരുന്നു ഒറ്റലിന് പിന്നില്‍.
സുധീഷിനെ ബന്ധുവീട്ടിൽ കയറി വെട്ടിയ പ്രതികൾ പകതീരാതെ വെട്ടിയെടുത്ത കാൽ റോഡിലെറിഞ്ഞശേഷമാണ് രക്ഷപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam