
തിരുവനന്തപുരം: വിവാദങ്ങളിൽ നട്ടം തിരിയുന്ന ആലപ്പുഴ സി പി എമ്മിൽ കമ്മീഷന്‍ വിവാദവും തലപൊക്കി. പഞ്ചായത്തുമായുള്ള വസ്തു തർക്കം പരിഹരിക്കാൻ സിപിഎം നേതാവ് ഒരു ലക്ഷം രൂപയും മൂന്ന് സെന്റ് ഭൂമിയും കമ്മീഷന്‍ ചോദിച്ചെന്ന് ക്രിസ്ത്യൻ പള്ളി അധികൃതർ ജില്ലാ കമ്മിറ്റിക്ക് രേഖാമൂലം പരാതി നൽകി. സിപിഎം ചേർത്തല എരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്യാംകുമാറിനെതിരെയാണ് പരാതി. പരാതിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരീസ് ഫെറോന പള്ളിക്ക് പള്ളിച്ചന്ത കവലയിൽ സ്ഥലും ഒരു കെട്ടിട സമുച്ചയവുമുണ്ട്. പഴയ കെട്ടിടം പൊളിച്ച് കളഞ്ഞ് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചു. ഈ സ്ഥലത്തെ ചൊല്ലി പള്ളിപ്പുറം പഞ്ചായത്തുമായി തര്‍ക്കം നിലവിലുണ്ട്. പുറമ്പോക്ക് ഭൂമിയെന്നാണ് പഞ്ചായത്തിന്‍റെ അവകാശ വാദം. ഇതേ സ്ഥലത്ത് സിഐടിയുവിന്‍റെ ഒരു താത്കാലിക ഷെഡുമുണ്ട്. സ്ഥലം സംബന്ധിച്ച നിയമ നടപടികൾ പൂര്‍ത്തിയാക്കി കഴിഞ്ഞ ഒക്ടോബറില്‍ നിര്‍മാണം തുടങ്ങാന്‍ കരാറുകാരന് എത്തി. എന്നാല്‍ ശ്യാംകുമാര്‍ ജോലി തടസ്സപ്പെടുത്തി. മാത്രമല്ല പള്ളി ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് സിപിഎം ജില്ലാസെക്രട്ടറി ആർ നാസറിന് പള്ളി വികാരി ഫാദര്‍ തോമസ് വൈക്കത്തുപറമ്പില്‍ രേഖാ മൂലം നല്‍കിയ പരാതിയില്‍ പറയുന്നു.
ഹൈക്കോടതി ഉത്തരവോടെ ഭൂമി അളന്നാല്‍ അംഗീകരിക്കാമെന്നായി അടുത്ത വാദം. ഇതോടെ തഹസീല്‍ദാരെ കൊണ്ട് ഭൂമി അളക്കാന്‍ ഹൈക്കോടതിയുടെ താത്കാലിക ഉത്തരവ് വാങ്ങി. ഈ മാസം മൂന്നിന് കുറ്റിയിടാന്‍ എത്തിയപ്പോള്‍ ശ്യാം കുമാര്‍ വീണ്ടും ജോലി തടസ്സപ്പെടുത്തി. ഇതോടെയാണ് സിപിഎം നേതൃത്വത്തിന് പരാതി നൽകാന്‍ പള്ളി ഭാരവാഹികള്‍ തീരുമാനിച്ചത്. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് ശ്യാം കുമാര്‍. ഇടതു മുന്നണി ഭരിക്കുന്ന പഞ്ചായത്തിന കെണ്ട് കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് ശ്യാം കുമാര്‍ റദ്ദാക്കിയെന്ന ഗുരതര ആരോപണവും കത്തിലുണ്ട്. പാര്‍ട്ടി തീരുമാനം എന്ന് പറഞ്ഞാണ് ശ്യാം കുമാര്‍ പണം ചോദിക്കുന്നതെന്നും ഇത് പാര്‍ട്ടി നിലപാട് തന്നെയാണോ എന്ന് വ്യക്തമാക്കണം എന്നും ചോദിച്ചാണ് പള്ളി വികാരിയുടെ കത്ത് അവസാനിക്കുന്നത്.