
ആലപ്പുഴ: തോട്ടപ്പള്ളിയിലെ മത്സ്യതൊഴിലാളി സജീവന്‍റെ തിരോധാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിക്കും. സജീവൻ പൊഴിമുഖത്തെ ഒഴുക്കിൽപ്പെട്ടുപോയതാണെന്ന് പൊലീസ് കോടതിയെ അറിയിച്ചത്, രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമാണ് ഇതെന്ന് കുടുംബം ആരോപിക്കുന്നു. സിപിഎം പ്രാദേശിക നേതാവായ സജീവനെ ബ്രാഞ്ച് സമ്മേളനത്തിനിടെയാണ് കാണാതാവുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 29 മുതലാണ് മത്സ്യതൊഴിലാളിയായ സജീവനെ കാണാതാവുന്നത്. രണ്ട് സംശയങ്ങളാണ് തുടക്കം മുതൽ കുടുംബത്തിനുള്ളത്. സിപിഎമ്മിലെ വിഭാഗീയതയെ തുടർന്ന് ചില നേതാക്കൾ സജീവനെ എങ്ങോട്ടോ മാറ്റി, അല്ലെങ്കിൽ കരിമണൽ വിരുദ്ധസമരത്തിൽ സജീവമായി പങ്കെടുത്തതിന് ചില ലോബികൾ തട്ടിക്കൊണ്ടുപോയി. ഈ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു പൊലീസ് അന്വേഷണവും. എന്നാൽ സജീവന്‍റെ ഭാര്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ വിചിത്രമായ വാദം അമ്പലപ്പുഴ പൊലീസ് ഹൈകോടതിയെ അറിയിച്ചു. മത്സ്യബന്ധം കഴിഞ്ഞ് തിരികെ വന്ന സജീവൻ, വേഗം വീട്ടിലെത്താൻ പൊഴി നീന്തിക്കടന്നു. ഇതിനിടെ തിരയിൽപ്പെട്ട് കാണാതായി.
സിബിഐ അന്വേഷണം സംഭവത്തിന്‍റെ ചുരുളഴിക്കുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്. സജീവനെ പൊഴിയിൽ കാണാതായെന്ന സംശയം മാത്രമാണ് കോടതിയെ അറിയിച്ചതെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam