'പ്രിയപ്പെട്ട മക്കളെ, വീണ്ടും കിട്ടിയ ഈ അവധി ദിവസം വെറുതെ കളയാതെ...'; വിദ്യാർത്ഥികളോട് ആലപ്പുഴ ജില്ലാ കളക്ടർ

Published : Aug 03, 2026, 08:11 PM IST
Alappuzha School Holiday

Synopsis

ആലപ്പുഴ ജില്ലയിൽ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചതോടെ വിദ്യാർത്ഥികളോട് അവധി ദിവസം സർഗാത്മകമായി ഉപയോഗപ്പെടുത്താൻ ആഹ്വാനം ചെയ്ത് ജില്ലാ കളക്ടർ. അവധി ദിവസം ഇഷ്ടപ്പെട്ട പുസ്‌തകങ്ങൾ വായിക്കാനും പാഠഭാഗങ്ങൾ ആവർത്തിക്കാനും സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കാനും വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ആലപ്പുഴ: അവധി ദിവസം വെറുതെ കളയാതെ സർഗാത്മകമായി ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്ത് ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി നായർ. അവധി സമയം ഇഷ്ടപ്പെട്ട പുസ്‌തകങ്ങൾ വായിക്കാനും പാഠഭാഗങ്ങൾ ആവർത്തിക്കാനും സർഗാത്മക കഴിവുകൾ വളർത്തിയെടുക്കാനും വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ മഴയത്ത് പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ നിർദേശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

"വീണ്ടും കിട്ടിയ ഈ അവധി ദിവസം വെറുതെ കളയാതെ, സർഗാത്മകമായി ഉപയോഗപ്പെടുത്തുക. ഒപ്പം താഴെ പറയുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക.! അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ഈ മഴയത്ത് പുറത്തിറങ്ങാതിരിക്കുക. പ്രത്യേകിച്ച് വെള്ളക്കെട്ടുകൾ ഉള്ള സ്ഥലങ്ങളിലേക്കോ, പുഴകളിലേക്കോ, തോടുകളിലേക്കോ കുളിക്കാനോ മീൻ പിടിക്കാനോ പോകരുത്.

ലഭിച്ച ഈ സമയം ഇഷ്ടപ്പെട്ട പുസ്‌തകങ്ങൾ വായിക്കാനും, പാഠഭാഗങ്ങൾ ആവർത്തിക്കാനും, നിങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ (ചിത്രരചന, എഴുത്ത് തുടങ്ങിയവ) വളർത്തിയെടുക്കാനും വിനിയോഗിക്കുക. വീട്ടിലിരുന്ന് കുടുംബാംഗങ്ങളോടൊപ്പം സന്തോഷത്തോടെ സമയം പങ്കിടാം. മഴക്കാലത്ത് ജലജന്യരോഗങ്ങൾ വരാതിരിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തുക. അപകടങ്ങളെ അകറ്റി നിർത്താം, ജാഗ്രതയോടെയും സുരക്ഷിതമായും വീടുകളിൽ തന്നെ ഇരിക്കാം. എല്ലാവർക്കും സ്നേഹത്തോടെയുള്ള കരുതൽ!".

ആലപ്പുഴയിൽ ചൊവ്വാഴ്ച (ഓഗസ്റ്റ് 4) അവധി

ആലപ്പുഴ  ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (ഓഗസ്റ്റ് 4) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ അതിശക്തമായ മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തിയാണ് ജില്ലാ കളക്ടറുടെ തീരുമാനം. അംഗനവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ജില്ലയിൽ 41 ദുരിതാശ്വാസ ക്യാമ്പുകളിൽ 1986 പേർ

ആലപ്പുഴ ജില്ലയിൽ മഴക്കെടുതിയെത്തുടർന്ന് വിവിധ താലൂക്കുകളിലായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 1986 പേരെ മാറ്റിപ്പാർപ്പിച്ചു. ആകെ 41 ക്യാമ്പുകളിലായി 607 കുടുംബങ്ങളിലെ 811 പുരുഷന്മാരും 859 സ്ത്രീകളും 316 കുട്ടികളുമാണ് കഴിയുന്നത്. ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നത്. ഇവിടെ 25 ക്യാമ്പുകളിലായി 428 കുടുംബങ്ങളിൽ നിന്നുള്ള 1409 പേരാണ് കഴിയുന്നത്. ഇതിൽ 594 പുരുഷന്മാരും 603 സ്ത്രീകളും 212 കുട്ടികളുമുണ്ട്.

കാർത്തികപ്പള്ളി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 94 കുടുംബങ്ങളിൽ 303 പേരും കുട്ടനാട് താലൂക്കിലെ ഏഴ് ക്യാമ്പുകളിലായി 61 കുടുംബങ്ങളിൽ നിന്നുള്ള 193 പേരും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. കൂടാതെ മാവേലിക്കര താലൂക്കിലെ മൂന്ന് ക്യാമ്പുകളിലായി ഒമ്പത് കുടുംബങ്ങളിൽ നിന്നുള്ള 37 പേരും അമ്പലപ്പുഴ താലൂക്കിലെ ഒരു ക്യാമ്പിൽ ആറ് കുടുംബങ്ങളിലെ 23 പേരും ചേർത്തല താലൂക്കിലെ മൂന്ന് ക്യാമ്പുകളിൽ ഒമ്പത് കുടുംബങ്ങളിലെ 21 പേരും കഴിയുന്നുണ്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് നാളെയും അതിശക്ത മഴക്ക് സാധ്യത, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
കനത്ത മഴ: സംസ്ഥാനത്ത് 6 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി