ഇരട്ടക്കൊലയിൽ നാട് ഞെട്ടി നിൽക്കുമ്പോൾ കാര്യവട്ടത്ത് ക്രിക്കറ്റ് കളിച്ച് ഉന്നത ഉദ്യോഗസ്ഥർ

Published : Dec 19, 2021, 02:50 PM ISTUpdated : Dec 19, 2021, 02:59 PM IST
ഇരട്ടക്കൊലയിൽ നാട് ഞെട്ടി നിൽക്കുമ്പോൾ കാര്യവട്ടത്ത് ക്രിക്കറ്റ് കളിച്ച് ഉന്നത ഉദ്യോഗസ്ഥർ

Synopsis

ആലപ്പുഴയിൽ ഇരട്ടക്കൊലയിൽ നാട് വിറങ്ങലിച്ച് നിൽക്കുന്നു, തിരുവനന്തപുരത്ത് പ്രതിയെത്തിരഞ്ഞ് പോകുമ്പോൾ വള്ളം മറിഞ്ഞ് മരിച്ച പൊലീസുദ്യോഗസ്ഥന്‍റെ പൊതുദർശനം നടക്കുന്നു - ഇതിനെല്ലാമിടയിൽ ക്രിക്കറ്റ് കളിച്ച് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ.

തിരുവനന്തപുരം: ആലപ്പുഴയിലെ ഇരട്ടക്കൊലയിൽ (Alappuzha Double Murder) നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ കാര്യവട്ടത്ത് ക്രിക്കറ്റ് കളിക്കുന്ന തിരക്കിലായിരുന്നു തലസ്ഥാനത്തെ ഉന്നത ഐപിഎസ്, ഐഎഎസ് (IAS IPS Officers Play Cricket) ഉദ്യോഗസ്ഥർ. ഇന്നലെ പ്രതിയെത്തിരഞ്ഞ് പോകവേ വള്ളം മറിഞ്ഞ് മരിച്ച പൊലീസുദ്യോഗസ്ഥൻ ബാലുവിന്‍റെ (Balu Death) മൃതദേഹം തിരുവനന്തപുരം എസ്എപി ക്യാമ്പിൽ (Thiruvananthapuram SAP Camp) പൊതുദർശനത്തിന് വച്ച അതേസമയത്തായിരുന്നു കാര്യവട്ടം ഗ്രീൻഫീൽഡ് (Karyavattom Greenfield Stadium) സ്റ്റേഡിയത്തിൽ ഉന്നതരുടെ ക്രിക്കറ്റ് വിനോദം.

ട്രെയിനിംഗ് എഡിജിപി യോഗേഷ് ഗുപ്ത, ഡിസിപി വൈഭവ് സക്സേന അടക്കമുള്ളവർ ക്രിക്കറ്റ് കളിക്കാനെത്തിയിരുന്നു. കളിയുടെ തിരക്കുണ്ടായിരുന്നത് കൊണ്ട് മരിച്ച പൊലീസുദ്യോഗസ്ഥൻ ബാലുവിന്‍റെ പൊതുദർശനത്തിന് ശേഷമാണ് ഡിസിപി വൈഭവ് സക്സേന എസ്എപി ക്യാമ്പിലെത്തിയത്. സ്വന്തം സേനയിലെ സഹപ്രവർത്തകന് ആദരാഞ്ജലി അർപ്പിക്കാൻ പോലും ഡിസിപി എത്തിയില്ല. 

സേനയിൽത്തന്നെ ഒരംഗത്തിന്‍റെ വിയോഗമുണ്ടായിട്ടും, തെക്കൻ കേരളത്തിലെ ഒരു ജില്ലയിൽത്തന്നെ രണ്ട് രാഷ്ട്രീയകക്ഷികളിൽപ്പെട്ട രണ്ട് മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ട് മണിക്കൂറുകൾ പോലും കഴിയുന്നതിന് മുമ്പേ ആസ്വദിച്ച് ചിരിച്ച് തിമർത്ത് ക്രിക്കറ്റ് കളിക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. രാവിലെ എട്ട് മണി മുതൽ 12 മണി വരെയായിരുന്നു മത്സരം നടന്നത്. 

പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി രാജേഷിനെ പിടികൂടാൻ പോകുന്നതിടെ വർക്കലയിൽ വച്ച് വള്ളം മുങ്ങിയാണ് പൊലീസുദ്യോഗസ്ഥനായ ബാലു മരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു. സിഐ ഉൾപ്പടെ മൂന്ന് പൊലീസുകാരാണ് ബാലുവിനൊപ്പം വള്ളത്തിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വള്ളം ആടിയുലഞ്ഞ് മറിഞ്ഞത്. ബാലുവിന് നീന്തൽ അറിയുമായിരുന്നില്ല എന്നതിനാൽ ചെളിയിൽ ആഴ്ന്ന് പോയതാണെന്നാണ് ഒപ്പമുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥർ പറയുന്നത്. 

ബാലു ട്രെയിനിംഗ് പൂർത്തിയാക്കി ആഴ്ചകൾ മാത്രമേ ആകുന്നുണ്ടായിരുന്നുള്ളൂ. ഈ മാസം 15-നാണ് ബാലു ഉള്‍പ്പടെ 50 പൊലീസുകാര്‍ എസ്എപി ക്യാമ്പില്‍ നിന്ന് ശിവഗിരി ഡ്യൂട്ടിക്ക് പോയത്.ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഇദ്ദേഹം സെപ്റ്റംബറിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ബിടെക് ധനതത്വശാസ്ത്രം എന്നിവിയില്‍ ബിരുദം നേടിയിട്ടുണ്ട്. ട്രെയിനിംഗ് എഡിജിപി യോഗേഷ് ഗുപ്തയുടെ കീഴിൽ ട്രെയിനിംഗ് പൂർത്തിയാക്കിയ ഒരു പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം സംഭവിച്ചിട്ടും, ഒന്ന് കണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും യോഗേഷ് ഗുപ്ത എത്തിയില്ല. 

ഇതോടൊപ്പം തന്നെയാണ് നാട് വിറങ്ങലിച്ച് നിൽക്കുന്ന ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ഈ ക്രിക്കറ്റ് കളി നടന്നതെന്ന കാര്യവും ശ്രദ്ധേയമാകുന്നത്. 12 മണിക്കൂറിന്‍റെ ഇടവേളയിൽ ഉണ്ടായ രണ്ട് കൊലപാതകങ്ങൾ അക്ഷരാർത്ഥത്തിൽ  ആലപ്പുഴയെ നടുക്കി. സംസ്ഥാനത്തെമ്പാടും ജാഗ്രതാനിർദേശം നിലവിലുണ്ട്. ആക്രമണങ്ങളോ പ്രത്യാക്രമണങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്. 

എസ്ഡിപിഐയുടെ ആലപ്പുഴയിലെ പ്രധാന നേതാവായ ഷാനിന്‍റെ കൊലപാതക വാർത്ത പുറത്തു വന്നതിനു പിന്നാലെ പ്രത്യാക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾ വ്യാപകമായി നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ആക്രമണ സാധ്യത തിരിച്ചറിയാൻ ഇന്‍റലിജൻസിന് കഴിഞ്ഞില്ല എന്നാണ് വ്യാപക വിമർശനം ഉയരുന്നത്. പൊലീസ് വിന്യാസം കൂടുതൽ ശക്തമാക്കിയിരുന്നെങ്കിൽ ആലപ്പുഴ നഗരമധ്യത്തിൽ ബിജെപി നേതാവിന്  നേരെയുണ്ടായ ആക്രമണമെങ്കിലും തടയാൻ കഴിയുമായിരുന്നു എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്