
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ നിലവാരം കുറഞ്ഞ പൈപ്പ് പൂർണ്ണമായി മാറ്റിസ്ഥാപിക്കുമെന്ന മന്ത്രിതല പ്രഖ്യാപനം നടപ്പായില്ല. റോഡ് പൊളിക്കുന്നതിനെ പൊതുമരാമത്ത് വകുപ്പ് ശക്തമായി എതിർക്കുന്നതാണ് ജലഅതോറിറ്റിക്ക് മുന്നിലുള്ള തടസ്സം. ഉടനടി ജോലികൾ തുടങ്ങിയില്ലെങ്കിൽ നിലവാരം കുറഞ്ഞ പൈപ്പിട്ട കരാറുകാരന്‍റെ ചെലവിൽ മാറ്റിസ്ഥാപിക്കൽ നടക്കില്ല.
ജലവിഭവവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ഡിസംബറിലാണ് ആലപ്പുഴയിൽ യോഗം ചേർന്നത്. 43 തവണ പൊട്ടുകയും കുടിവെള്ളം കിട്ടാതെ ജനം വലയുകയും ചെയ്ത അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകും. തകഴി മുതൽ കേളമംഗലം വരെ ഒന്നര കിലോമീറ്റിറിലെ കുടിവെള്ള പൈപ്പ് പൂർണ്ണമായി മാറ്റിസ്ഥാപിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പ്രഖ്യാപനം വന്നതല്ലാതെ ഒന്നും നടപ്പായില്ല. ഉന്നത നിലവാരത്തിലുള്ള അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാത വെട്ടിപ്പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് സമ്മതിക്കില്ല.
റോഡ് ഒഴിവാക്കി മറ്റൊരു പാതയിലൂടെ പൈപ്പ് കൊണ്ടുപോകാനുള്ള രൂപരേഖ ആലപ്പുഴ ജലഅതോറിറ്റിയിൽ നിന്ന് സർക്കാരിന് സമർപ്പിച്ചിരുന്നു. അതിലും തീരുമാനം ഉണ്ടായില്ല. നിലവാരം കുറഞ്ഞ പൈപ്പ് സ്ഥാപിച്ച കരാറുകാരനെ കൊണ്ടു തന്നെ പൈപ്പ് മാറ്റിസ്ഥാപിക്കാനാണ് മന്ത്രിതല യോഗം തീരുമാനിച്ചത്. മേയ് മാസം വരെയാണ് കരാർ കാലാവധി. പൊതുമരാമത്ത് വകുപ്പും ജലഅതോറിറ്റിയും തമ്മിലെ തർക്കം പരിഹരിച്ചില്ലെങ്കിൽ കരാറുകാരന്‍റെ ചെലവിൽ മാറ്റിസ്ഥാപിക്കൽ നടക്കില്ല. ജലഅതോറിറ്റി സ്വന്തം ചെലവിൽ പൈപ്പുകൾ മാറ്റിയിടേണ്ടിവരും. അതേസമയം, പൈപ്പ് പൊട്ടൽ ഒഴിവാക്കാൻ വേഗത കുറച്ചാണ് ഇപ്പോൾ പമ്പിംഗ് നടത്തുന്നത്. കുടിവെള്ള പദ്ധതിയുടെ പകുതി സംഭരണശേഷി മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam