
കൊച്ചി: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യം അനുവദിച്ച സെഷൻസ് കോടതിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. ആലപ്പുഴ ജില്ലാ കോടതി ഉത്തരവ് അന്വേഷണത്തെ സ്തംഭിപ്പിച്ചു എന്നാണ് സര്‍ക്കാറിന്‍റെ വാദം. വാസ്തവ വിരുദ്ധമായ കാര്യമാണ് ഉത്തരവിലുള്ളത്. ഗൺമാൻമാർക്ക് ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.
മർദ്ദനത്തിന് ഉപയോഗിച്ച വടി ഹാജരാക്കി എന്ന് സെഷൻസ് കോടതി ഉത്തരവിലുണ്ട്. എന്നാൽ പ്രതികൾ തന്നെ അത് നിഷേധിച്ചുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രാവിലെ 10 മുതൽ വൈകിട്ടി 4 വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി. പ്രതികൾ പല ജില്ലയിൽ നിന്നുള്ളവരാണ്. സമയക്രമം വെച്ച് ചോദ്യംചെയ്യലും അന്വേഷണവും നടത്താനാകില്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാർ അപ്പീൽ ഓഗസ്റ്റ് 10 ലേക്ക് മാറ്റി.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam