
കോൺഗ്രസിന്റെ ദേശീയ നേതാവായ കെ.സി വേണുഗോപാൽ ആലപ്പുഴയിലാണ് ഇത്തവണയും മത്സരിക്കുന്നത്. തുടർച്ചയായ രണ്ടു തവണ ആലപ്പുഴയിൽ നിന്ന് വിജയിച്ച കെ.സി വേണുഗോപാൽ 2019-ൽ മത്സരിച്ചിരുന്നില്ല. ദേശീയ നേതൃത്വത്തിലേക്ക് പോയ കെ.സി വേണുഗോപാലിന്റെ അഭാവത്തിൽ മണ്ഡലം ഇടതുപക്ഷം പിടിച്ചെടുത്തു.
ഇത്തവണ ആലപ്പുഴയിൽ തിരികെ വരുമ്പോൾ, സ്വന്തം മണ്ഡലം തിരികെപ്പിടിക്കാനുള്ള അഭിമാനപ്പോരാട്ടത്തിലാണ് കെ.സി വേണുഗോപാൽ. ഇതിനായി സാധാരണക്കാർക്ക് ഇടയിൽ ഇറങ്ങിയുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്കാണ് കെ.സി വേണുഗോപാൽ പ്രാധാന്യം നൽകുന്നത്.
ഈ ഘട്ടത്തിൽ റോഡ് ഷോകളും വലിയ പൊതുപരിപാടികളും ഏതാണ്ട് പൂർണമായും അദ്ദേഹം ഒഴിവാക്കി. പകരം, ഏറ്റവും താഴെത്തട്ടിലുള്ള വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടഭ്യർത്ഥിക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനുമാണ് കെ.സി വേണുഗോപാൽ സമയം ചെലവഴിക്കുന്നത്. ജനസമ്പർക്ക പരിപാടികൾക്കാണ് കൂടുതൽ ശ്രദ്ധ.
കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, മത്സ്യത്തൊഴിലാളികൾ എന്നിങ്ങനെ ഏറ്റവും അടിസ്ഥാനപരമായ വിഭാഗങ്ങളെ നേരിൽക്കണ്ട് സംവദിക്കുകയാണ് കെ.സി വേണുഗോപാൽ. ഇതിനായി സംഭാഷണ പരിപാടികൾ പ്രചരണത്തിന്റെ ഭാഗമാക്കി. ഇവിടെ വച്ച് ആളുകളുടെ പരാതികളും ആവശ്യങ്ങളും കേൾക്കുകയും അതിന് നിർദേശങ്ങൾ നൽകുകയുമാണ് ഈ പരിപാടികളിലൂടെ ചെയ്യുന്നത്. ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ സംഭാഷണ പരിപാടി മണ്ഡലം മുഴുവൻ വ്യാപിപ്പിക്കാനാണ് കെ.സി വേണുഗോപാൽ ശ്രമിക്കുന്നത്.
തൊഴിലാളികൾക്ക് വേതന വർധന, 25 ലക്ഷം രൂപ വരെ മെഡിക്കൽ ഇൻഷുറൻസ്, വിദ്യാഭ്യാസ സഹായ പരിപാടികൾ എന്നിവയാണ് കെ.സി വേണുഗോപാൽ മുന്നോട്ടുവച്ച പ്രധാന വാഗ്ദാനങ്ങൾ. കർഷകരുടെ പ്രശ്നങ്ങൾ കേട്ട കെ.സി വേണുഗോപാൽ, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ നടപടിയെടുക്കുമെന്നും പറഞ്ഞു. മിനിമം താങ്ങുവില നിയമം നടപ്പാക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയ വാഗ്ദാനം.
മത്സ്യത്തൊഴിലാളികൾ ഏറെയുള്ള ആലപ്പുഴയിൽ കൂടുതൽ പദ്ധതികൾ വിഭാവനം ചെയ്യുമെന്നും കെ.സി വേണുഗോപാൽ ചർച്ചയിൽ പറഞ്ഞു. സബ്സിഡിയോടെ മണ്ണെണ്ണ നൽകും, പ്രത്യേക ഇൻഷുറൻസ് ഏർപ്പെടുത്തും, തീരദേശ നിയന്ത്രണ നിയമങ്ങൾ പരിഷ്കരിക്കും, പ്രത്യേക മത്സ്യത്തൊഴിലാളി ബാങ്കുകൾ നടപ്പിലാക്കും എന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam