
ആലപ്പുഴ: ആലപ്പുഴ രൺജീത് വധക്കേസിലെ (Alappuzha Murder Cases) പ്രതികൾ കേരളം വിട്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എഡിജിപി വിജയ് സാഖറെ. പ്രതികൾക്ക് പുറത്തുനിന്നു സഹായം ലഭിച്ചുവെന്നും പ്രതികൾ മൊബൈൽ ഒഴിവാക്കി സഞ്ചരിക്കുന്നത് അന്വേഷണത്തിന് വെല്ലുവിളിയാണെന്നും വിജയ് സാഖറെ പറഞ്ഞു. പൊലീസ് പ്രതികളുടെ പിന്നാലെ തന്നെയുണ്ട്. ഗൂഡാലോചന സംബന്ധിച്ച് വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും എഡിജിപി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇരു കൊലപാതകങ്ങളിലെയും പ്രതികളെ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രമസമാധാനം ഉറപ്പുവരുത്താനാണ് പ്രഥമി പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് പാര്‍ട്ടികളുടെ സംസ്ഥാന ഭാരവാഹികള്‍ വധിക്കപ്പെട്ടിട്ട് അഞ്ചാം നാളിലും കാര്യമായ അറസ്റ്റുകള്‍ ഉണ്ടായിട്ടില്ല. ഇരുവധക്കേസുകളിലും കൊലയാളികള്‍ക്ക് വാഹനം തരപ്പെടുത്തിനല്‍കിയവരാണ് അറസ്റ്റിലായ ഭൂരിഭാഗം പേരും. ജില്ലയില്‍ കനത്ത പൊലീസ് കാവലുണ്ടെന്ന് അവകാശപ്പെട്ട ദിവസം പുലര്‍ച്ചെയാണ് ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. കൊലയാളികള്‍ പന്ത്രണ്ടംഗ സംഘമാണെന്ന് പകല്‍പോലെ വ്യക്തം. പക്ഷേ പിടികൂടാനാകുന്നില്ല. രാഷ്ട്രീയ ആക്രമണം സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുള്ള സമയത്താണ് മണ്ണഞ്ചേരിയിലെ സ്വന്തം പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ കയറി എസ്ഡിപിഐ നേതാവ് ഷാനിനെ ഒരു സംഘം റോഡിലിട്ട് വെട്ടിക്കൊന്നത്. കൊലയാളികള്‍ ആരെന്ന് സംബന്ധിച്ച് വ്യക്തമായ സൂചനയുണ്ടായിട്ടും പിടികൂടാനാകുന്നില്ല.
Also Read: ഷാൻ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ; പിടിയിലായത് ചേർത്തല സ്വദേശി അഖിൽ
ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാര്‍ ഉപേക്ഷിച്ചശേഷം രക്ഷപ്പെടാന്‍ ആംബുലന്‍സ് വാഹനം ഒരുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അഖിലാണ് ഏറ്റവും ഒടുവില്‍ പിടിയിലായത്. കാര്‍ തരപ്പെടുത്തി നല്‍കിയ രാജേന്ദ്രപ്രസാദും രതീഷും നേരത്തെ പിടിയിലായി. രണ്‍ജീത് വധത്തില്‍ പിടിയിലായ അഞ്ച് പ്രതികളും റിമാന്‍ഡിലാണ്.
എസ്ഡിപിഐ പ്രവര്‍ത്തകരായ അലി അഹമ്മദ്, ആസിഫ് സുധീര്‍, നിഷാദ് ഷംസുദ്ദീന്‍, അര്‍ഷാദ് നവാസ്, സുധീര്‍ എന്നീ അഞ്ച് പേരാണ് രണ്‍ജീത് ശ്രീനിവാസ് വധക്കേസില്‍ ഇതുവരെ പിടിയിലായത്. രാജേന്ദ്രപ്രസാദ്, രതീഷ് എന്നിവരാണ് കെ എസ് ഷാന്‍ വധത്തില്‍ ഇതുവരെ അറസ്റ്റിലായത്. ഈ ഏഴ് പ്രതികളും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. രണ്ട് കേസുകളിലുമായി കൊലയാളി സംഘത്തില്‍ പതിനെട്ടുപേരുണ്ട്. ഒരാളെപോലും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണമുണ്ടെന്ന് എഡിജിപി പറഞ്ഞു.