തോട്ടപ്പള്ളിയിലെ ധാതുമണൽ നീക്കം; സ്റ്റോപ് മെമ്മോ പിൻവലിച്ചിട്ടില്ല, സർക്കാർ വാദം തള്ളി പുറക്കാട് പഞ്ചായത്ത്

By Web TeamFirst Published Jun 19, 2020, 4:51 PM IST
Highlights

മണൽ നീക്കത്തിന് നൽകിയ സ്റ്റോപ് മെമ്മോ പഞ്ചായത്ത് പിൻവലിച്ചിട്ടില്ല. മണൽനീക്കത്തിനെതിരെ മൂന്നാം ഘട്ട സമരം ആരംഭിക്കും. നിയമപോരാട്ടം തുടരും. 

ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്ന് ധാതുമണൽ നീക്കത്തിന് കെഎംഎംഎലിനെ അനുവദിക്കില്ലെന്ന് പുറക്കാട് ​ഗ്രാമപഞ്ചായത്ത്. മണൽ നീക്കത്തിന് നൽകിയ സ്റ്റോപ് മെമ്മോ പഞ്ചായത്ത് പിൻവലിച്ചിട്ടില്ല. മണൽനീക്കത്തിനെതിരെ മൂന്നാം ഘട്ട സമരം ആരംഭിക്കും. നിയമപോരാട്ടം തുടരും. പൊഴിമുറിക്കുന്ന നടപടികൾ തുടരണമെന്നും പഞ്ചായത്ത് പ്രതികരിച്ചു. 

തോട്ടപ്പള്ളിയിൽ നിന്നുള്ള ധാതുമണൽ നീക്കം കെഎംഎംഎലിന് തുടരാം എന്ന് ഇന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മണൽ നീക്കത്തിനുള്ള സ്റ്റോപ്പ്‌ മെമ്മോ പിൻവലിച്ചതായി പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നും കരിമണൽ ഖനനം അല്ല പൊഴി വീതി കൂട്ടുന്ന ജോലി ആണ് തോട്ടപ്പള്ളിയിൽ നടക്കുന്നത് എന്നും സർക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് കെഎംഎംഎല്ലിന് അനുകൂലമായി കോടതി വിധിച്ചത്.

കരിമണൽ നീക്കം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് കോൺ​ഗ്രസും ആരോപിച്ചു. മണൽ നീക്കത്തിനുള്ള സ്റ്റോപ്പ് മെമ്മോ പുറക്കാട് പഞ്ചായത്ത് പിൻവലിച്ചെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. എന്നാൽ, സ്റ്റോപ് മെമ്മോ പഞ്ചായത്ത് പിൻവലിച്ചിട്ടില്ല. സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയോ, കൃത്രിമം നടത്തുകയോ ചെയ്തിട്ടുണ്ട്. ഇത് സർക്കാർ വ്യക്തമാക്കണമെന്നും ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു പ്രതികരിച്ചു. സ്റ്റോപ് മെമ്മോ പിൻവലിച്ചിട്ടില്ല എന്ന് പുറക്കാട് പഞ്ചായത്ത് ഹൈക്കോടതിയെ അറിയിക്കും. കരിമണൽ കടത്തിനെതിരെ നിയമപോരാട്ടവും പ്രതിഷേധവും തുടരുമെന്നും ലിജു പറഞ്ഞു. കോൺ​ഗ്രസ് ഭരണത്തിലിരിക്കുന്ന പ‍ഞ്ചായത്താണ് പുറക്കാട്. 

Read Also: കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ്; ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി, കേന്ദ്ര നിലപാട് തേടി ഹൈക്കോടതി...

 

click me!