
ആലപ്പുഴ: ആലപ്പുഴ എസ് പി ഓഫീസിലേക്ക് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് (Popular Front) പ്രകടനം നടത്തും. ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്‍റെ പേരിൽ പൊലീസ് നരനായാട്ട് നടത്തുന്നു എന്നാരോപിച്ചാണ് പ്രകടനം. പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണൽ പ്രസിഡൻ്റ് നവാസ് ഷിഹാബ് പറഞ്ഞു. ആര്‍എസ്എസ് പ്രചരണത്തിന് തലവച്ച് കൊടുക്കുകയാണ് പൊലിസ് എന്നും നവാസ് ആരോപിച്ചു.
കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 18 പേരെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് (Popular Front) നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് അറസ്റ്റ്. പ്രതികളെ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കി. പകൽ ഹാജരാക്കിയാൽ സംഘർഷസാധ്യത കണക്കിലെടുത്താണ് രാത്രി തന്നെ ഹാജരാക്കിയത്. മതവിദ്വേഷം പ്രചരിപ്പിക്കാൻ അവസരം ഒരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അതേസമയം, കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുദ്രാവാക്യം വിളിച്ചവർ മാത്രമല്ല പരിപാടിയുടെ സംഘാടകർക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അറസ്റ്റിലായ പി എ നവാസ്, അൻസാർ എന്നിവരെ വിലങ്ങണിയിച്ച് കോടതിയിലേക്ക് കൊണ്ടുവന്നതിനെ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതി വിമര്‍ശിച്ചു. മേലിൽ വിലങ്ങണിയിക്കരുതെന്ന് പൊലീസിന് താക്കീത് നല്‍കി. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴാണ് ഇവരെ മാവേലിക്കര സബ് ജയിലില്‍ നിന്ന് വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയത്. ഇക്കാര്യത്തില്‍ ജയില്‍ വകുപ്പിനോട് വിശദീകരണം തേടുമെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. പ്രതികളെ വിലങ്ങണിയിച്ചത് സുപ്രീം കോടതി നിർദ്ദേങ്ങൾക്ക് എതിരെന്ന പ്രതിഭാഗം അഭിഭാഷകന്‍റെ വാദം അംഗീകരിച്ചാണ് നടപടി.
'വിവാദ റാലിയിലെ പ്രസ്താവന അപകീര്‍ത്തികരം'; മുഖ്യമന്ത്രിക്കെതിരെ നിയമനടപടിയെന്നും എസ്ഡിപിഐ
ആലപ്പുഴ: തൃക്കാക്കരയില്‍ എസ്ഡിപിഐക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ആലപ്പുഴയില്‍ വിവാദമായ റാലി നടത്തിയത് പോപ്പുലര്‍ ഫ്രണ്ടാണ്. എന്നാല്‍ എസ്ഡിപിഐയാണ് റാലി നടത്തിയതെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. ആരെയോ തൃപ്തിപ്പെടുത്താനും വര്‍ഗീയ ധ്രുവീകരണത്തിനുമാണ് ഇതിലൂടെ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് റോയ് അറയക്കൽ വാര്‍ത്താ സമ്മേളനത്തില് ആരോപിച്ചു.
അതേസമയം, ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി ഇന്ന് പരാമർശിച്ചു. റാലി നടത്തിയ സംഘാടകർക്കെതിരെ നടപടി വേണം.സംഘടകർക്കാണ് ഉത്തരവാദിത്തം. ഒരാൾ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാൽ ഉത്തരവാദികൾക്കെതിരെ കേസ് എടുക്കണം. റാലിക്കെതിരെ നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ പരാമർശം. പോപ്പുലർ ഫ്രണ്ട് മാർച്ചിലെ വിദ്വേഷ മുദ്രാവാക്യം വിളി ദൗർഭാഗ്യകരമായ സംഭവമാണെന്ന് സർക്കാരും ഹൈക്കോടതിയിൽ വ്യക്തമാക്കി. രാജ്യത്ത് എന്താണ് നടക്കുന്നതെന്നും കോടതി ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam