
ദില്ലി: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിന്റെ വിചാരണ നടപടികൾ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി പ്രതികൾ സുപ്രീംകോടതിയിൽ. ആലപ്പുഴ ജില്ലയിൽ നിന്നും എറണാകുളത്തേക്ക് വിചാരണ മാറ്റണമെന്നാണ് ആവശ്യം. ആലപ്പുഴ ബാറിലെ അഭിഭാഷകനായിരുന്ന രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ ആരും തയാറായിരുന്നില്ല. ഇത് കേസിന്റെ വിചാരണ അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇതേതുടർന്ന് കേസ് ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കൊലക്കേസ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. കേസിലെ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് പതിനഞ്ച് പ്രതികളും സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ആലപ്പുഴ ജില്ലയിൽ തന്നെ തുടരുന്നത് നിയമസഹായം ലഭിക്കുന്നത് തടസ്സപ്പെടുത്തുമെന്നും ആലപ്പുഴ ബാറിലെ അഭിഭാഷകർ പ്രതികൾക്കായി ഹാജരാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യമാണെന്നും പ്രതികൾ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. അഭിഭാഷകൻ എം.ആർ രമേശ് ബാബുവാണ് ഹർജി ഫയൽ ചെയ്തത്. 2021 ഡിസംബര്‍ 19ന് പുലര്‍ച്ചെയാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ആലപ്പുഴയിലെ എസ്‍ഡിപിഐ ഹർത്താലിനിടെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടില്‍ കയറിയായിരുന്നു ആക്രമണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam