ജീവിച്ചിരുന്നെങ്കിൽ കായംകുളി കൊച്ചുണ്ണിയെയും പിണറായി വൈസ് ചാൻസലർ ആക്കിയേനെ എന്ന് പി സി ജോർജ്

By Web TeamFirst Published Nov 12, 2022, 1:00 PM IST
Highlights

കലാമണ്ഡലത്തിന്റെ പുതിയ ചാൻസലർ വി എൻ വാസവൻ കഥകളി പഠിപ്പിക്കുമോ എന്ന് ജോർജ്...

കോട്ടയം : ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ഓർഡിൻസിൽ പ്രതികരിച്ച്  പി സി ജോർജ്. കായംകുളി കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ജീവിച്ചിരുന്നെങ്കിൽ അവരെയും  പിണറായി വൈസ് ചാൻസലർ ആക്കിയേനേയെന്ന് പി സി ജോർജ് പറഞ്ഞു. കലാമണ്ഡലത്തിന്റെ പുതിയ ചാൻസലർ വി എൻ വാസവൻ കഥകളി പഠിപ്പിക്കുമോ എന്നും ജോർജ് ചോദിച്ചു. പള്ളിക്കൂടത്തിൽ പോകാത്തവരെ പിടിച്ച് വൈസ് ചാൻസലർ ആക്കുന്ന നാറിയ പണിയാണ് നടക്കുന്നതെന്നും ജോർജ് ആരോപിച്ചു. 

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിന്റെ ആദ്യ പടിയായാണ് ഗവർണറെ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ പദവിയിൽ നിന്ന് നീക്കിയത്. സംസ്ഥാനത്തെ കൽപ്പിത സർവകലാശാലയാണ് കലാമണ്ഡലം. സാംസ്കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവർത്തിക്കുന്നത്. 

പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലർ ചാൻസലറുടെ ചുമതല വഹിക്കും. സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി വിഎൻ വാസവനാണ് നിലവിൽ കലാമണ്ഡലം കൽപിത സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ. ചട്ട പ്രകാരം സ്പോൺസറാണ് ചാൻസലറെ നിയമിക്കേണ്ടത്. കലാ സാംസ്കാരിക രംഗത്ത പ്രമുഖൻ ചാൻസിലറാകുമെന്നാണ് വിവരം. 

അതേസമയം ഓർഡൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുന്നതാണ് മര്യാദയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. ജനാധിപത്യപരമായി അതല്ലേ ശരി? ജനാധിപത്യ നടപടിക്രമം അനുസരിച്ച് ഗവർണർ ഒപ്പിടണം. ഓർഡിനൻസ് ആർക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ഓർഡിനൻസിന്റെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ മന്ത്രി മാധ്യമങ്ങൾ ധൃതി കാട്ടേണ്ടതില്ലെന്നും പറഞ്ഞു. ചാൻസലറെ മാറ്റുന്ന കാര്യത്തിൽ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വ്യക്തമാക്കി. 

Read More : ഗവർണറുടെ ചാൻസലർ സ്ഥാനം റദ്ദാക്കുന്ന ഓർഡിനൻസ് രാജ്‍ഭവനില്‍, ഗവര്‍ണറുടെ തുടര്‍ നടപടി നിര്‍ണായകം

click me!