
ആലപ്പുഴ: ആലപ്പുഴ ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽകണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തില്‍ വഴിത്തിരിവില്ല. മൂന്ന് ദിവസം മുമ്പാണ് തോട്ടപ്പള്ളി ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹംലത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്‍റെ പിറകുവശത്തെ വാതിൽ ചവിട്ടിത്തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളിൽ മുളകു പൊടി വിതറിയിരുന്നു. കഴുത്തിൽ ഷാൾ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിൽ കഴുത്തിലും മുഖത്തും പാടുകൾ കണ്ടെത്തി. പൂർണമായ പോസ്റ്റ് മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധന ഫലങ്ങളും ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത വരൂ.
ഹംലത്തിന്‍റെ ആഭരണങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും എന്നാൽ ഇവരുടെ മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ലെന്നും പൊലിസ് പറയുന്നു. ഹംലത്തിന്‍റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ വിഛേദിച്ചതായി കണ്ടെത്തിയിരുന്നു. കെഎസ്ഇബി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിൽ വൈദ്യുതി കണക്ഷൻ ഞായറാഴ്ച്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് വിഛേദിച്ചതെന്ന് കണ്ടെത്തി. വൈദ്യുതി മീറ്ററിൽ നിന്നു മെയിൽ സ്വിച്ചിലേക്കുള്ള വയർ വലിച്ചൂരിയിട്ടുണ്ട്. എന്നാൽ ഇവിടെ നിന്ന് അന്വേഷണത്തെ സഹായിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒന്നും ലഭിച്ചില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ചില ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സംശയം തോന്നിയ പത്തിലധികം ആളുകളെ ഇതുവരെ ചോദ്യം ചെയ്തു. അടുത്ത ദിവസങ്ങളിൽ കൂടുതൽ ആളുകളുടെ മൊഴി എടുക്കും. അമ്പലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അൻപത്തിനാലു കാരിയുടെ മരണം കൊലപാതകം എന്ന് പൊലിസ് ഉറപ്പിക്കുമ്പോഴും എന്തിന് വേണ്ടിയായിരുന്നു കൊലപാതകം, ആരാണ് കൊലപാതകത്തിനു പിന്നിൽ തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam